ഭാഗം 2 – യാത്രാ വിശേഷങ്ങള്‍
അങ്ങനെ കാത്തിരുന്ന ദിവസമെത്തി, ഏപ്രില്‍ 14. രാവിലെ നേരത്തേ എണീറ്റ് കുളിച്ചു റെഡിയായി. ഏകദേശം 9 മണിക്ക് ഷെരീഫിനെ കണ്ട് പെര്‍മിറ്റ് വാങ്ങി. സര്‍വീസ്ചാര്‍ജ്ജ് എത്രയാണെന്ന് ചോദിച്ചപ്പോള്‍ ഷെരീഫ് പറഞ്ഞു, “എനിക്ക് ഒന്നും വേണ്ട, ഞാന്‍ ഒന്നും ചെയ്തു തന്നില്ലാലോ” എന്ന്. യാത്ര കഴിഞ്ഞ് മടങ്ങി വന്നിട്ട് ഒരുമിച്ച് ഒരു ഡിന്നര്‍ ആവാം എന്ന് വാഗ്ദാനം നല്കി നേരെ സ്‌കാനിംഗ് സെന്ററിലേക്ക് പോയി.
അപ്പോഴാണ് അറിഞ്ഞത് ഇന്ന് രണ്ടു കപ്പലുകള്‍ യാത്ര തിരിക്കുന്നുണ്ടെന്നും ഞങ്ങളുടെ കപ്പല്‍ വൈകിയേ പുറപ്പെടൂ എന്നും. രാവിലെ 9 മണിക്ക് ചെക്ക്-ഇന്‍ പറഞ്ഞ ഞങ്ങളുടെ ചെക്ക്-ഇന്‍ ചടങ്ങുകള്‍ ഉച്ചക്ക് 2 മണിയിലേക്ക് മാറ്റിയിരിക്കുന്നു (കട്ട പോസ്റ്റ്).
വാര്‍ഫില്‍ കിടക്കുന്ന മറ്റു ചില കപ്പലുകളെയും ആദ്യം പേകേണ്ട കപ്പലിലെ യാത്രക്കാരുടെ ചെക്ക്-ഇന്‍ നടപടികളും നോക്കി നിന്ന് സമയം കളഞ്ഞു. അങ്ങനെ ഏകദേശം 2:15-ന് ചെക്ക്-ഇന്‍ തുടങ്ങി. ഞങ്ങളേയും ബാഗും എല്ലാം പരിശോധിച്ച് ടിക്കറ്റില്‍ സീല്‍ അടിച്ചു. ഞങ്ങളുടെ ബാഗുകള്‍ ഒരു ടെംമ്പോയിലും ആളുകളെ ഒരു ബസിലും കയറ്റി കവരത്തിയിലേക്കുള്ള കപ്പല്‍ നിര്‍ത്തിയിട്ടിടത്തേക്ക് കൊണ്ടുപോയി.
എം.വി.കവരത്തി എന്ന കപ്പലിലാണ് ഞങ്ങള്‍ ദ്വീപിലേക്ക് പോവുന്നത്. ലക്ഷദ്വീപിലേക്ക് സര്‍വ്വീസ് നടത്തുന്ന ഏറ്റവും വലിയ കപ്പലാണ് എം.വി.കവരത്തി. എല്ലാ കാലാവസ്ഥയിലും യാത്ര നടത്താന്‍ പാകത്തിലാണ് ഇതിന്റെ നിര്‍മ്മാണം. 700 യാത്രക്കാരേയും 160 മെട്രിക്ക് ടണ്‍ കാര്‍ഗോയും വഹിക്കാന്‍ ശേഷിയുണ്ട്. വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് ശേഷം നടത്തുന്ന ആദ്യ യാത്രയാണ് ഇത്.
ബസില്‍ നിന്നും ഇറങ്ങി കപ്പലിന്റെയും മറ്റും കുറച്ച് ഫോട്ടോസ് എടുത്ത് കപ്പലിലേക്ക് കയറി. നീണ്ട ഇടനാഴികളിലൂടെ നടന്നും പടികള്‍ ഇറങ്ങിയും ഞങ്ങള്‍ക്കുള്ള ബര്‍ത്ത് കണ്ടെത്തി. ബങ്ക് ക്ലാസിലെ 282, 283 എന്നീ ബര്‍ത്തുകള്‍. (കപ്പലിലെ ഏറ്റവും താഴ്ന്ന ക്ലാസാണ് ബങ്ക്. എന്നു കരുതി അത്ര മോശമായി കാണുകയൊന്നും വേണ്ട. മൊത്തമായും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുണ്ട്.)
ബാഗുകള്‍ എല്ലാം അവിടെ വെച്ച് നേരെ കപ്പലിന്റെ മുകള്‍തട്ടിലേക്ക് പോയി. ഡെക്ക് എന്നാണ് അവിടം പറയുക. കുറച്ച് ആളുകള്‍ നേരത്തേ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. ധാരാളം ഉത്തരേന്ത്യക്കാര്‍ കപ്പലില്‍ ഉണ്ട്. എല്ലാവരും ലക്ഷദ്വീപ് സര്‍ക്കാര്‍ നടത്തുന്ന പാക്കേജ് ടൂറില്‍ വന്നവരാണ്. ഫസ്റ്റ് ക്ലാസ് കാബിനിലാണ് അവര്‍ക്ക് താമസം. സാധാരണക്കാരായ നമ്മളെപ്പോലെയുള്ള സഞ്ചാരികള്‍ക്ക് താങ്ങാവുന്നതിലും മുകളിലാണ് പാക്കേജ് റേറ്റ്. കപ്പലിലെ താമസവും ഭക്ഷണവും പെര്‍മിറ്റും ഉള്‍പ്പെടെ 26000 രൂപ.
കപ്പലിന്റെ മുകളില്‍ നിന്നും നോക്കിയപ്പോഴാണ് ആ കാഴ്ച്ച ഞാന്‍ കണ്ടത്. ലോകത്തെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ “ക്യൂന്‍ മേരി 2” എറണാകുളം വാര്‍ഫിന്റെ ഭാഗത്ത് നങ്കൂരമിട്ടിരിക്കുന്നു. കൂടെ അന്താരാഷ്ട്ര കപ്പല്‍ സര്‍വ്വീസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സെലിബ്രിറ്റി കമ്പനിയുടെ “കോണ്‍സ്റ്റലേഷന്‍” എന്ന കപ്പലുമുണ്ട്. കുറച്ചു സമയം കഴിഞ്ഞതും “ക്യൂന്‍ മേരി 2” മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിത്തുടങ്ങി. വലിയൊരു ഫ്‌ലാറ്റ് സമുച്ചയം നീങ്ങുന്ന പോലെ തോന്നി ആ കാഴ്ച്ച. ഗംഭീരം… കുറച്ചപ്പുറത്തായി കിടന്നിരുന്ന ലഗൂണ്‍സ് എന്ന കപ്പല്‍ മിനിക്കോയി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. അനാര്‍ക്കലി സിനിമയില്‍ കാണുന്ന കോറല്‍സ് എന്ന കപ്പല്‍ ഏതോ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് എത്തുകയും ചെയ്യുന്നു.
ഏകദേശം 6 മണിയോടടുത്ത് വല്ലാര്‍പ്പാടം എന്ന ടഗ്ഗ് ബോട്ട് ഞങ്ങളുടെ കപ്പലിനെ വലിച്ച് പോകാനുള്ള ദിശയിലേക്ക് തിരിച്ചു. കപ്പല്‍ യാത്ര തുടങ്ങിയിരിക്കുന്നു, എന്റെ ആദ്യ കപ്പല്‍ യാത്രയും… മട്ടാഞ്ചേരിയും, ഫോര്‍ട്ട് കൊച്ചിയും, വല്ലാര്‍പ്പാടവും എല്ലാം പിന്നിലാക്കി കപ്പല്‍ കുതിക്കുകയാണ്. പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് സൂര്യന്‍ താഴുന്നു. കടലിന് ഇപ്പോള്‍ ചുവപ്പ് നിറമാണ്. അതിമനോഹരമായ കാഴ്ച്ച… 7 മണിയായിട്ടും ഇരുട്ട് പരന്നിട്ടില്ല.
ഈ സമയം കപ്പലില്‍ അനൗണ്‍സ്‌മെന്റ് മുടങ്ങി, “അത്താഴം റെഡിയായിട്ടുണ്ട്, കഴിക്കാന്‍ താല്‍പര്യമുള്ള യാത്രക്കാര്‍ 7:30-ന് മുന്‍പ് തന്നെ അതാത് ക്ലാസ് കഫെറ്റീരിയയില്‍ ചെന്ന് കഴിക്കേണ്ടതാണ്.” കേട്ടപാടെ നേരെ കഫെറ്റീരിയയിലേക്ക് ഓടി. ചോറും ചിക്കനും രണ്ട് തോരനും ഒരു കഷ്ണം തണ്ണിമത്തനും കൂടെ 50 രൂപ.
ഭക്ഷണശേഷം കപ്പലിന്റെ വശത്തേക്ക് നടന്നു. കപ്പലില്‍ നിന്നും കടലിലേക്ക് പ്രകാശിപ്പിച്ചിരിക്കുന്ന വെളിച്ചത്തില്‍ കടലില്‍ എന്തോ ഒരു അനക്കം ശ്രദ്ധിച്ചു. ഒന്നു കൂടെ സൂക്ഷിച്ചു നോക്കി. ഡോള്‍ഫിന്‍.. അടുത്തു നിന്ന ഒരു കുട്ടി സന്തോഷംകൊണ്ട് ആര്‍ത്തുവിളിച്ചു. കുറച്ചുനേരം കൂടെ അവിടെയൊക്കെ ചിലവഴിച്ച ശേഷം നേരെ കിടക്കയിലേക്ക് വീണു.
പിറ്റേന്ന് രാവിലെ 6 മണിക്ക് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഡെക്കിലേക്ക് ഓടി. ചുറ്റും നല്ല നീലക്കടല്‍ മാത്രം. ചെറിയ മഴയുമുണ്ട്. അതുകൊണ്ട് താഴെയിറക്കി കപ്പലിന്റെ പുറകുവശത്തേക്ക് പോയി. അവിടെ കൂട്ടിയിട്ടിരുന്ന വലിയ വടത്തില്‍ കയറിയിരുന്ന് കടലിലേക്ക് നോക്കിയിരുന്നു.
എവിടെനിന്നോ ഒരു കിളി പറന്നുവന്ന് ഞങ്ങളുടെ ഒരു വശത്ത് സ്ഥാനംപിടിച്ചു. യാതൊരുവിധ പേടിയും കൂടാതെ അത് കുറച്ചു സമയം അവിടെ ചിലവഴിച്ച് എങ്ങോട്ടോ പറന്നകന്നു. താഴെ കടലില്‍ കുറച്ച് ഡോള്‍ഫിനുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു. കൊച്ചിയില്‍ കണ്ടത് വെളുത്ത ചാരനിറമുള്ള ഡോള്‍ഫിനുകള്‍ ആയിരുന്നെങ്കില്‍ ഇവിടെ ഇരുണ്ടു കറുത്തവയാണ്. ഒരുതരം കടല്‍പക്ഷി വെള്ളത്തിലേക്ക് ഊളിയിട്ട് മീനുമായി പൊങ്ങിവരുന്നു.
പ്രഭാതഭക്ഷണത്തിനുള്ള അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ചെന്നു കഴിച്ചു, ഉപ്പുമാവും പഴവും ബ്രഡും. ചില ദ്വീപുകാരെ അവിടെവെച്ചു പരിചയപ്പെട്ടു. അവരുടെ നിഷ്‌കളങ്കത മനസ്സിലാവുന്നത് അപ്പോഴാണ്. മനസ്സില്‍ ഒന്നും വെക്കുന്നവരല്ല ദ്വീപുകാര്‍. നമ്മള്‍ രഹസ്യമായി വെക്കാന്‍ ആഗ്രഹിക്കുന്ന കുടുംബവിശേഷങ്ങള്‍ പലരും ഞങ്ങളോട് പങ്കുവെച്ചു.
ഏകദേശം 9 മണിക്ക് കവരത്തിയുടെ തീരം ദൂരെ കണ്ടുതുടങ്ങി. കപ്പലിന്റെ വേഗത കുറഞ്ഞു. ആഴം കുറവായതിനാല്‍ കപ്പല്‍ ജെട്ടിയിലേക്ക് അടുക്കില്ല. ഇനി കരയിലേക്ക് മറ്റൊരു ബോട്ടില്‍ പോകണം. പൃഥ്വിരാജ് പറഞ്ഞപോലെ “പറഞ്ഞ കാശും കൊടുത്തിട്ട് നടു കടലില്‍ ഇറക്കിവിടാന്‍ പോകുവാ.” ഒരു ബോട്ട് ഞങ്ങളെ കയറ്റാനായി വന്നു. കവരത്തിയിലേക്കുള്ള യാത്രക്കാര്‍ ഇറങ്ങാന്‍ തയ്യാറായി നിന്നു. ബാഗും എടുത്ത് ഞങ്ങളും പുറകേ ഇറങ്ങി. ആടിക്കളിക്കുന്ന ബോട്ടില്‍ കവരത്തിയിലേക്ക് നീങ്ങി.
ഞങ്ങളെ കാത്ത് നാസര്‍ സര്‍ ബോട്ട് ജെട്ടിയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. സര്‍ ഞങ്ങള്‍ക്ക് വേണ്ടി നേരത്തേ തന്നെ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ബോട്ടിറങ്ങി നേരെ റൂമിക്ക് നടന്നു. ബീച്ചില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ മാത്രമേയുള്ളൂ റൂമിലേക്ക്. കുറച്ച് നേരം വിശ്രമിച്ച ശേഷം പോലീസ് സ്റ്റേഷനില്‍ ചെന്ന് ഞങ്ങളുടെ പെര്‍മിറ്റില്‍ എന്‍ട്രി വരുത്തി.
ഉച്ചഭക്ഷണശേഷം പാരഡൈസ് ഹട്ടിലേക്ക് പോയി. പാക്കേജ് ടൂറില്‍ വന്ന സഞ്ചാരികള്‍ ഉള്ളതിനാല്‍ മറ്റുള്ളവര്‍ക്ക് ഇന്ന് ആക്റ്റിവിറ്റീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിഞ്ഞു. കുറച്ചുനേരം കടല്‍ കാറ്റേറ്റ് ഒരു കുടയുടെ കീഴില്‍ ഇരുന്നു. കടലിന്റെ നിറവ്യത്യാസം നമുക്ക് വ്യക്തമായി കാണാം.
ഏകദേശം വെയില്‍ താഴ്ന്നപ്പോള്‍ ഒരു ഓട്ടോ വിളിച്ച് ലൈറ്റ്ഹൗസിലേക്ക് പോയി. നിരാശയായിരുന്നു ഫലം. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുകയായിരുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണെന്നും അടുത്ത ദിവസം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നും അവിടുത്തെ ജീവനക്കാര്‍ പറഞ്ഞു.
തൊട്ടടുത്തുള്ള ജെട്ടിയിലേക്ക് നടന്നു. ധാരാളം ആളുകള്‍ വൈകുന്നേരത്ത് കാറ്റുകൊണ്ട് സൊറ പറയാനും ചൂണ്ടയിടാനുമെല്ലാം വരുന്ന സ്ഥലമാണ്. നടപ്പാലത്തിനു താഴെ നല്ല തെളിമയാര്‍ന്ന നീല ജലം. സൂര്യപ്രകാശം കൂടെ ആയപ്പോഴേക്കും കടലിന്റെ അടിത്തട്ട് വ്യക്തമായി കാണാം. നീലയും കറുപ്പും നിറങ്ങളിലുള്ള മീനുകള്‍ അടിത്തട്ടിലൂടെ ഓടി കളിക്കുന്നു. ചിലര്‍ ചൂണ്ടയിടുന്നുണ്ട്. കുറച്ച് സമയം അവിടെ കാറ്റുകൊണ്ട് അവിടെ ഇരുന്നു.
തിരിച്ചുപോവാനായി ഓട്ടോ നോക്കി നിന്നു. ഒരു വണ്ടിയും വരുന്നില്ല. അവിടെ കണ്ടൊരു ചേട്ടനോട് ഓട്ടോ കിട്ടുന്നതിനെപ്പറ്റി അന്വേഷിച്ചു. 3009 എന്ന നമ്പറില്‍ വിളിക്കാന്‍ പറഞ്ഞു. കവരത്തി ദ്വീപിന്റെ ഏത് കോണില്‍ നിന്ന് വിളിച്ചാലും 5 മിനിറ്റിനുള്ളില്‍ ഓട്ടോ പറന്നെത്തും. നമ്മുടെ നാട്ടിലും ഇത് എന്ത് കൊണ്ട് പ്രാവര്‍ത്തികമാക്കികൂടാ എന്ന് ചിന്തിച്ച് ഓട്ടോയില്‍ ടൂറിസ്റ്റ് ഹട്ടിലേക്ക് പോയി.
ഈ ഓട്ടോയാത്ര പോക്കറ്റിന് അത്ര യോജിച്ചതല്ല എന്ന് മനസ്സിലായതിനാല്‍ ഷെരീഫിനെ വിളിച്ച് ഒരു ബൈക്ക് സംഘടിപ്പിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. നാളെ രാവിലെ ബൈക്ക് റെഡിയായിരിക്കും എന്ന് ഷെരീഫ് ഉറപ്പു നല്‍കി. കപ്പലില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന തൃശൂരില്‍ നിന്നുള്ള ഒരു കുടുംബം ബീച്ചില്‍ കുളിക്കുന്നുണ്ടായിരുന്നു. ഞങ്ങളും കടലിലേക്ക് ഇറങ്ങി ഒന്നു നന്നായി നീന്തികുളിച്ചു. അത്താഴത്തിന് ശേഷം ആദ്യദിനത്തിലെ സഞ്ചാരം അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ 9 മണിക്ക് തന്നെ പ്രഭാതഭക്ഷണം കഴിച്ച് എല്ലാ ദ്വീപ് യാത്രികരുടെയും പ്രിയ വിനോദമായ സ്‌കൂബാ ഡൈവിങ് ചെയ്യുന്നിടത്തേക്ക് പോയി. ഡൈവിങ് ഇന്‍സ്ട്രക്ടേഴ്‌സ് എത്തിയിട്ടില്ലാത്തതിനാല്‍ കുറച്ചു സമയം ഞങ്ങള്‍ കയാക്കിംഗില്‍ ഏര്‍പ്പെട്ടു. സ്വന്തമായി വള്ളം തുഴയാന്‍ കിട്ടിയ അവസരം ശരിക്കും പ്രയോജനപ്പെടുത്തി.
9:30 ആയപ്പോഴേക്കും ഡൈവിങ് ഇന്‍സ്ട്രക്ടേഴ്‌സ് എത്തി. എല്ലാവരും പാഡി ( PADI) സര്‍ട്ടിഫൈഡ് ഡൈവ് ഇന്‍സ്ട്രക്ടേഴ്‌സ് ആണ്. ഞങ്ങള്‍ ഉള്‍പ്പടെ 8 പേര്‍ ഉണ്ടായിരുന്നു ഡൈവിംഗ് ചെയ്യാന്‍. ഡിക്ലറേഷന്‍ എല്ലാം ഒപ്പിട്ടു വാങ്ങി ക്ലാസ് ആരംഭിച്ചു. കടലിനടിയില്‍ പോയാലുള്ള ആശയവിനിമയ രീതികളും കുറച്ച് ചിഹ്നങ്ങളും അവിടെവച്ച് ഉണ്ടാകാവുന്ന അവസ്ഥകളും അതിനെ മറികടക്കാനുള്ള ടെക്‌നിക്കുകളും എല്ലാം വളരെ ലളിതമായി പറഞ്ഞു തന്നു.
അടുത്തത് പ്രാക്ടീസ് സെഷനാണ്. കടലിന്റെ ആഴമില്ലാത്ത ഭാഗത്ത് നമ്മളെ നിര്‍ത്തി ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കും എല്ലാം ധരിപ്പിച്ച് അത് കൈകാര്യം ചെയ്യേണ്ടതിനെകുറിച്ച് പരിശീലിപ്പിച്ചു. ശ്വോസോഛാസം ചെയ്യേണ്ട രീതിയാണ് അതില്‍ പ്രധാനപ്പെട്ടത്. വായിലൂടെ മാത്രമേ ശ്വോസോഛാസം പാടുള്ളൂ.
എല്ലാവരും പരിശീലനം പൂര്‍ത്തിയാക്കി ബോട്ടില്‍ കയറി. കുറച്ചുദൂരം കടലില്‍ സഞ്ചരിച്ചശേഷം ബോട്ട് നിര്‍ത്തി. ഓരോരുത്തരായി കടലില്‍ ചാടി. ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കും ധരിച്ച് കടലിന്റെ അടിത്തട്ടിലേക്ക്. ഇര്‍ഷാദ് എന്ന ഇന്‍സ്ട്രക്ടര്‍ എന്നെയുംകൊണ്ട് ഊളിയിട്ടത് കടലിലെ അത്ഭുതലോകത്തേക്കാണ്. വിവിധതരം പവിഴപ്പുറ്റുകളും വര്‍ണ്ണ മത്സ്യങ്ങളും കടല്‍ജീവികളും എല്ലാംകൂടെ ശരിക്കും പുതിയൊരു ലോകത്ത് എത്തിയ ഫീല്‍ ആയിരുന്നു. തൊടുമ്പോള്‍ ചുരുങ്ങുന്ന ക്രിസ്മസ്ട്രീയും, കടല്‍വെള്ളരിയും എല്ലാം അത്ഭുതമായി. അടിത്തട്ടിലെ വെളുത്ത മണലില്‍ കുറച്ച് വിശ്രമിച്ചശേഷം തിരികെ ബോട്ടിലേക്ക്. കടലില്‍ നിന്ന് തിരിച്ച് കയറാന്‍ തോന്നിയില്ല, അത്രക്ക് ഗംഭീരമായിരുന്നു അനുഭവം…
തിരികെ കയറി മൊബൈല്‍ നോക്കിയപ്പോഴേക്കും മൂന്ന് മിസ്ഡ് കോള്‍. കവരത്തി ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.താഹാ മാളികയാണ് വിളിച്ചിരിക്കുന്നത്. ബൈക് റെഡിയാണെന്ന് പറയാന്‍ വിളിച്ചതാണ്. പോയി വണ്ടി എടുത്ത് വന്നപ്പോഴേക്കും സമയം 2 മണി.
വെയിലിന്റെ ശക്തി കുറഞ്ഞപ്പോള്‍ പെട്രോള്‍ അന്വേഷിച്ച് പോയി. നമ്മുടെ നാട്ടിലെ പോലെ പെട്രോള്‍ പമ്പ് അവിടെയില്ല. നമ്മുടെ റേഷന്‍കട പോലൊരു സിസ്റ്റമാണ് അവിടെ (സൊസൈറ്റി എന്നാണ് അവര്‍ പറയുന്നത്). എല്ലാ വണ്ടികള്‍ക്കും പെട്രോള്‍ കാര്‍ഡുണ്ട്. മാസം നിശ്ചിത അളവ് പെട്രോള്‍ മാത്രമേ ലഭിക്കൂ. ആയതിനാല്‍ ഒരുപാട് സ്ഥലങ്ങളില്‍ ബ്ലാക്കില്‍ പെട്രോള്‍ വില്പനയുണ്ട്. സൊസൈറ്റിയില്‍ 100 രൂപയാണ് ഒരു ലിറ്ററിന് വില (ബ്ലാക്കില്‍ 180 മുതല്‍ 200 വരെയാണ്).
ഇന്ന് തുറക്കുമെന്ന് പറഞ്ഞ ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി വണ്ടി തിരിച്ചു. 5 അടി വീതിയുള്ള ചെറിയ കോണ്‍ക്രീറ്റ് റോഡാണ് ദ്വീപ് മുഴുവന്‍. ഏതിലേ പോയാലും ദ്വീപിന്റെ പ്രധാനഭാഗത്ത് എത്തും. പറഞ്ഞപോലെതന്നെ ഇന്ന് ലൈറ്റ്ഹൗസ് തുറന്നിട്ടുണ്ട്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുത്ത് ഇരുന്നൂറിനടുത്ത് പടികളുള്ള പിരിയന്‍ ഗോവണി കയറി മുകളില്‍ എത്തി. ദ്വീപിന്റെ രണ്ടറ്റവും കാണാം ഇവിടെനിന്നും നോക്കുമ്പോള്‍. ദ്വീപ് മുഴുവന്‍ തെങ്ങിന്‍തോപ്പാണെന്ന് തോന്നിപ്പിക്കുന്ന കാഴ്ച്ച. തൊട്ടപ്പുറത്തായി നീലകടലും കഴിഞ്ഞ ദിവസം പോയ ബോട്ടുജെട്ടിയും. കടലില്‍ ദൂരെയായി കപ്പലുകളും ബോട്ടുകളും പോവുന്നു. കാഴ്ച്ചകള്‍ ക്യാമറയിലാക്കി തിരിച്ചിറങ്ങി.
ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ ലഗൂണ്‍ ഏരിയയിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. ഏകദേശം 15 – 20 മീറ്റര്‍ മാത്രം വീതിയുള്ള ഭാഗത്ത്കൂടെ കടന്നുപോവുമ്പോള്‍ ഇരുവശങ്ങളിലും നീലിമയാര്‍ന്ന കടല്‍ കാണാം. ഓഖി ചുഴലിങ്കാറ്റ് വീശിയ സമയത്ത് തീരത്തേക്ക് അടിഞ്ഞ അനവധി തരം പവിഴപ്പുറ്റുകള്‍ വഴിയിലുടനീളം കാണാം. നേവല്‍ ബേസും സോളാര്‍ പ്ലാന്റും എല്ലാം പിന്നിട്ട് ഞങ്ങള്‍ ദ്വീപിന്റെ അവസാനഭാഗത്ത് എത്തി. ഇവിടെയാണ് ഹെലിപ്പാട്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനുകീഴില്‍ മൂന്ന് ഹെലികോപ്റ്ററുകള്‍ ഉണ്ടെങ്കിലും ഒരെണ്ണം എപ്പോഴും കൊച്ചിയില്‍ ആയിരിക്കുമെന്ന് അറിഞ്ഞു. പാസഞ്ചര്‍ സര്‍വ്വീസ് നടത്തിയിരുന്ന ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് (ഇവാക്ക്വേഷന്‍) മാത്രമാണ് ഉപയോഗിക്കുന്നത്. ഹെലിപ്പാടിനോട് ചേര്‍ന്ന് കുറച്ചപ്പുറത്തായി സിമന്റ് കയറ്റി വന്ന ഒരു ചരക്കു കപ്പല്‍ തീരത്തേക്ക് ഇടിച്ചു കയറി ഉറഞ്ഞുപോയിരിക്കുന്നത് കാണാം.
വിവിധതരത്തിലും വര്‍ണ്ണത്തിലും ഉള്ള പവിഴപ്പുറ്റുകള്‍ തീരത്താകെ കിടക്കുന്നു. സൂര്യാസ്തമയം ആസ്വദിക്കാന്‍ ധാരാളം ആളുകള്‍ വരുന്നുണ്ട്. ഇവിടെ നിന്നുള്ള സൂര്യാസ്തമയം അവര്‍ണ്ണനീയമാണ്. ആകാശത്തും കടലിലും ചുവപ്പ് ചായം പടര്‍ന്നിരിക്കുന്നു. മനോഹരമായൊരു പെയ്ന്റിംഗ് പോലെയായിരുന്നു ആ കാഴ്ച്ച..
ദ്വീപിലെ അവസാന പകല്‍ ഉറക്കമുണരുമ്പോള്‍ പുറത്ത് നല്ല കാറ്റും മഴയും. കുറച്ചുനേരം കഴിഞ്ഞ് മഴ മാറിയപ്പോള്‍ പുറത്തേക്കിറങ്ങി. ഇന്ന് പ്രോഗ്രാം ചെയ്തിരുന്ന എല്ലാ വെസ്സലുകളും (ഹൈ സ്പീട് ബോട്ടുകളെ വെസ്സല്‍ എന്നാണ് അവര്‍ പറയുന്നത്) വിമാനസര്‍വ്വീസും മോശം കാലാവസ്ഥ മൂലം റദ്ദാക്കിയെന്ന് അറിയാന്‍ കഴിഞ്ഞു. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങിയിട്ടില്ല. വാട്ടര്‍ സ്‌പോര്‍ട്ട്‌സും നിര്‍ത്തിവെച്ചിരിക്കുന്നു.
നാളത്തേക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്കുചെയ്ത ഞങ്ങള്‍ക്ക് അതൊരു മോശം വാര്‍ത്തയായിരുന്നു. ഇന്നത്തേക്ക് യാതൊരു പ്ലാനിംഗും ഞങ്ങള്‍ നടത്തിയിരുന്നില്ല. വണ്ടിയുമെടുത്ത് വെറുതേ കുറച്ച് ദൂരം പോയപ്പോള്‍ ഫിഷറീസ് അക്വേറിയം & മ്യൂസിയം എന്ന ബോര്‍ഡ് കണ്ടു. മതില്‍കെട്ടിനകത്തേക്ക് ചെന്നപ്പോഴാണ് അറിഞ്ഞത് അറ്റകുറ്റപണിക്കായി ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്ന്. ഒരു പ്ലാനറ്റേറിയം ഉള്ളതും ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമല്ലെന്ന് മനസ്സിലാക്കി. തിരികെ വന്ന് വീട്ടിലേക്കായി ചെറിയൊരു ഷോപ്പിംഗ് നടത്തി, മത്സ്യവിഭവങ്ങള്‍ തന്നെ.
അനിശ്ചിതത്വം മാറി വൈകുന്നേരം അഞ്ച് മണിയോട് കൂടെ യാത്രാമാര്‍ഗ്ഗങ്ങള്‍ പുന:സ്ഥാപിച്ചതായി അറിയിച്ചു. വ്യോമമാര്‍ഗ്ഗം നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ച ഞങ്ങള്‍ അഗത്തി ദ്വീപിലേക്ക് വെസ്സല്‍ ടിക്കറ്റ് തരപ്പെടുത്തി. അവിടെ വെച്ച് കണ്ട കില്‍ത്തന്‍ ദ്വീപ് നിവാസി അവിടുത്തെ ആശുപത്രിയില സൗകര്യങ്ങളെക്കുറിച്ച് പറഞ്ഞത് ഞെട്ടല്‍ ഉളവാക്കി. എല്ലാ ദ്വീപിലും ചെറിയൊരു ഹെല്‍ത്ത് സെന്റര്‍ മാത്രമാണുള്ളത്. കിടത്തി ചികിത്സ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് കവരത്തിയിലേക്ക് വരണം. തീര്‍ത്തും മോശം സാഹചര്യങ്ങളില്‍ രോഗികളെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കൊച്ചിയിലേക്ക് ഇവാക്വേറ്റ് ചെയ്യുകയാണ് പതിവ്.
വീണ്ടും പോലീസ് സ്റ്റേഷനില്‍ ചെന്ന് പെര്‍മിറ്റില്‍ എക്‌സിറ്റ് മാര്‍ക്ക് ചെയ്യിപ്പിച്ചു. ദ്വീപിലെ അവസാന സായാഹ്നം ഒരു പ്രൈവറ്റ് ബീച്ചായ സാന്റി ബീച്ചില്‍ ചിലവഴിച്ചു. പിറ്റേന്ന് അതിരാവിലെ ദ്വീപിനോട് യാത്ര പറയുമ്പോള്‍ പുറത്ത് ചെറിയ തോതില്‍ മഴ പെയ്യുകയായിരുന്നു..!
ആദ്യഭാഗം വായിച്ച സഞ്ചാരികള്‍ ആവശ്യപ്പെട്ടത് പ്രകാരം ദ്വീപിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഏകദേശ ചിലവുകളും താഴെ ചേര്‍ക്കുന്നു-
ദ്വീപിലേക്ക് ഒരു സഞ്ചാരിയായി പോവാന്‍ 3 വഴികളാണ് ഉള്ളത്.
1. ഗവണ്‍മെന്റ് നടത്തുന്ന പാക്കേജ് ടൂര്‍ (SPORTS package):
പെര്‍മിറ്റ്, ഷിപ്പ് ടിക്കറ്റ് എല്ലാം അവര്‍ തന്നെ ശരിയാക്കി തരും. കപ്പല്‍ പോവുന്ന എല്ലാ ദ്വീപിലും സന്ദര്‍ശിക്കാം. താമസം, ഭക്ഷണം എന്നിവ കപ്പലില്‍ ആയിരിക്കും. ഫസ്റ്റ് ക്ലാസ് കാബിനിലാണ് താമസം തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 26000 രൂപയാണ് ചാര്‍ജ്ജ്.
2. പ്രൈവറ്റ് ടൂര്‍ പാക്കേജ്:
ഗവണ്‍മെന്റ് അംഗീകൃത ടൂര്‍ ഏജന്‍സികള്‍ നടത്തുന്ന പാക്കേജാണ്. രണ്ടോ മൂന്നോ ദ്വീപുകള്‍ സന്ദര്‍ശിക്കാം. 13000 മുതലാണ് ചാര്‍ജ്ജ്.
3. സ്‌പോണ്‍സര്‍ഷിപ്പ് വഴി:
ദ്വീപ് നിവാസിയായ സുഹൃത്തോ ബന്ധുവോ നമ്മളെ അങ്ങോട്ട് ക്ഷണിക്കുന്ന രീതിയിലാണ് പരിപാടി. അവര്‍ താമസിക്കുന്ന ദ്വീപിലെ കലക്ടറേറ്റില്‍ നിന്ന് 50രൂപ ചലാന്‍ അടച്ച് ഫോം വാങ്ങി ഡിക്ലറേഷന്‍ സഹിതം നമ്മള്‍ക്ക് അയച്ചു തരണം. അത് നമ്മുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC), 3 ഫോട്ടോകളും സഹിതം കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ 200രൂപ ഹെറിറ്റേജ് ഫീസ് അടച്ച് സമര്‍പ്പിക്കണം. ഏകദേശം 30ദിവസം എടുക്കും പെര്‍മിറ്റ് കിട്ടാന്‍. പെര്‍മിറ്റ് കിട്ടിയാല്‍ മാത്രമേ ഷിപ്പ് ടിക്കറ്റ് എടുക്കാന്‍ സാധിക്കൂ.
ഏകദേശ ചിലവുകള്‍:
ഷിപ്പ് ടിക്കറ്റ് (കൊച്ചി-കവരത്തി):
ബങ്ക് ക്ലാസ് Rs.480,
സെക്കന്റ് ക്ലാസ് Rs.1220,
ഫസ്റ്റ് ക്ലാസ് Rs.3740
ഫ്‌ലൈറ്റ് ടിക്കറ്റ്: Rs.5500
റൂം വാടക: Non AC Rs.400/ ദിവസം
AC Rs. 1000/ദിവസം
ഭക്ഷണം: Rs. 200 – 500/ദിവസം
സ്‌കൂബ ഡൈവിംഗ്: Rs. 2000 + 18%ഏടഠ
സ്‌നോര്‍ക്കലിംഗ്: Rs. 500 + 18%ഏടഠ
ഗ്ലാസ് ബോട്ടം ബോട്ട്: Rs. 1400 + 18%ഏടഠ
കയാക്കിംഗ്: Rs. 100 + 18%ഏടഠ
നീ ബോര്‍ഡ്: Rs. 200 + 18%ഏടഠ
ബനാന റൈഡ്: Rs. 200 + 18%ഏടഠ ലരേ..
സന്ദര്‍ശിക്കാന്‍ പറ്റിയ സമയം:
ഒക്ടോബര്‍ മുതല്‍ മെയ് പകുതി വരെ.
(ഈ സമയം കടല്‍ച്ചൊരുക്ക് കുറവായിരിക്കും)
Also Read:
Part 1 – ലക്ഷദ്വീപ് മാടിവിളിച്ചപ്പോള്‍… ഭാഗം 1 – തയ്യാറെടുപ്പുകള്‍