| Friday, 27th April 2018, 11:29 pm

ലക്ഷദ്വീപ് മാടിവിളിച്ചപ്പോള്‍... ഭാഗം 1 - തയ്യാറെടുപ്പുകള്‍

ജിതിന്‍ പ്രഭാദാസന്‍

എല്ലാ സഞ്ചാരികളും പോകാന്‍ കൊതിക്കുന്ന ലക്ഷദ്വീപിലേക്ക് വെറുംവാക്കില്‍ തരപ്പെട്ടൊരു യാത്ര…

ഭാഗം 1 – തയ്യാറെടുപ്പുകള്‍

കൂട്ടുകാരുമൊത്ത് ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്ലാന്‍ ചെയ്ത യാത്ര പാതിവഴിയില്‍ മുടങ്ങിയതു മുതല്‍ തുടങ്ങിയതാണ് എങ്ങോട്ടെങ്കിലും തനിച്ച് ഒരു യാത്ര പോവണം എന്നത്. എങ്ങോട്ട് എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് മൊബൈലില്‍ ഒരു കോള്‍ വരുന്നത്. ലക്ഷദ്വീപില്‍ നിന്ന്..
ഞാന്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി ലക്ഷദ്വീപ് സര്‍ക്കാരില്‍ ജോലി ചെയ്യുന്ന നാസര്‍ സര്‍ എന്നെ വിളിച്ചത് എന്റെ മനസ്സില്‍ ഒരു ലഡു പൊട്ടാന്‍ കാരണമായി.

ദ്വീപിലേക്ക് പോവാനുള്ള കടമ്പകള്‍ ധാരാളം യാത്രാ ഗ്രൂപ്പുകളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും മറ്റും നന്നായി അറിയാവുന്നതിനാല്‍ ഇതുവരെയും അങ്ങനെയൊരു യാത്രാമോഹം മനസ്സില്‍പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ യാത്രയെപ്പറ്റി ചിന്തിച്ച സമയത്ത് തന്നെ എനിക്ക് ലഭിച്ച ഫോണ്‍കോള്‍ ദ്വീപിലേക്ക് എനിക്കുള്ള ക്ഷണമായി തോന്നി. ഔദ്യോഗിക സംഭാഷണങ്ങള്‍ക്കുശേഷം മെല്ലെ ദ്വീപിലേക്ക് പോകുന്നതിനുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചു (അറിയാമെങ്കിലും).

ഞാന്‍: കരയിലുള്ളവര്‍ക്ക് ദ്വീപിലേക്ക് വരണമെങ്കില്‍ ഒത്തിരി ചടങ്ങുണ്ടല്ലേ?
നാസര്‍ സര്‍: പാക്കേജ് എടുത്ത് ഒരുപാട് പേര്‍ വരുന്നുണ്ട്, പക്ഷേ അതിന് കുറച്ചധികം പണം ചിലവാകും.
ഞാന്‍: ദ്വീപുകാര്‍ ക്ഷണിച്ചാന്‍ കുറഞ്ഞ ചിലവില്‍ വരാമെന്ന് കേട്ടിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ എങ്ങനാ?
നാസര്‍: ദ്വീപിലെ സുഹൃത്തിനെ/ബന്ധുവിനെ കാണാന്‍ എന്ന നിലയില്‍ കുറേപ്പേര്‍ വരുന്നുണ്ട്.
ഞാന്‍: സര്‍ വിചാരിച്ചാല്‍ വല്ലതും നടക്വോ?
നാസര്‍: നോക്കാം. എനിക്ക് അതിന്റെ കാര്യങ്ങള്‍ എങ്ങനെയാ എന്ന് കൃത്യമായി അറിയില്ല, ഇതുവരെ ഞാന്‍ ആരേയും സ്‌പോണ്‍സര്‍ ചെയ്തിട്ടില്ല.
ഇത്രയും പറഞ്ഞ് ഞങ്ങള്‍ കോള്‍ കട്ട് ചെയ്തു.

പിറ്റേന്ന് (2018 മാര്‍ച്ച് 1) രാവിലെ വീണ്ടും വിളി വന്നു. എന്റെ അഡ്രസ്സ് പറയുവാണേല്‍ ഫോം വാങ്ങി അയച്ചുതരാം എന്ന്. കേട്ടപാതി കേള്‍ക്കാത്തപാതി ഞാന്‍ അഡ്രസ്സ് മെസേജ് ആയി അയച്ചുകൊടുത്തു.

അന്നു വൈകുന്നേരം വീണ്ടും വിളിച്ചു. അപേക്ഷ വാങ്ങിയിട്ടുണ്ട്, അടുത്ത ദിവസം തന്നെ സ്പീഡ് പോസ്റ്റായി അയക്കാമെന്ന് പറഞ്ഞു. ഒരു അപേക്ഷാ ഫോമില്‍ തന്നെ വേണേല്‍ നമ്മുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്താം എന്നുകൂടെ അറിയിച്ചു. പെര്‍മിറ്റ് അപേക്ഷയുടെ തുക നല്‍കാനായി അക്കൗണ്ട് നമ്പര്‍ ചോദിച്ചപ്പോള്‍, “50 രൂപയല്ലേ ഉള്ളൂ, അത് സാരമില്ല” എന്ന് പറഞ്ഞു. പെര്‍മിറ്റ് ഫോം വാങ്ങുന്നതിന് രണ്ടായിരവും മൂവായിരവും എല്ലാം വാങ്ങുന്നവരെക്കുറിച്ച് ഞാന്‍ ആലോചിച്ചുപോയി.

ആ ആഴ്ച്ചയുടെ അവസാനം ഞാന്‍ എന്റെ നാട്ടിലെ പൊലീസ് സ്റ്റേഷന്‍ രണ്ടു തവണ കയറിയിറങ്ങി. ചില ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ ഉള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. അടുത്ത ആഴ്ച്ച ഞാന്‍ എന്റെ ഓഫിസില്‍ എത്തുന്നതിനു മുന്‍പേ തന്നെ എനിക്കുള്ള അപേക്ഷ അവിടെ എത്തിയിരുന്നു. ഓഫീസില്‍ കുറച്ച് തിരക്കുള്ള സമയമായതിനാല്‍ 3 – 4 ദിവസം കഴിഞ്ഞാണ് ഞാന്‍ അപേക്ഷ വെല്ലിംടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ സമര്‍പ്പിച്ചത്.

ആ സമയത്താണ് ഒരു യാത്രയില്‍ വച്ച് പരിചയപ്പെട്ട എന്റെ സുഹൃത്തായ നിഷാദ് ഇക്ക ലക്ഷദ്വീപ് പോവാന്‍ കപ്പലില്‍ കയറുന്ന ഫോട്ടോ അയച്ചു തന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ വിളിച്ച് ഷിപ്പ് ടിക്കറ്റ് ലഭിക്കുകയെന്ന കടമ്പ കടന്നതിന്റെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി. അദ്ദേഹത്തെ സഹായിച്ച ഒരു കവരത്തിക്കാരന്‍ ഷെരീഫിന്റെ നമ്പര്‍ ഒപ്പിച്ചു. ഒപ്പം മുന്‍പ് ലക്ഷദ്വീപ് പോയ ചില യാത്രാ സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും കൂടെ ചോദിച്ചു മനസ്സിലാക്കി.

അങ്ങനെയിരിക്കെ രണ്ടാഴ്ച്ചകള്‍ക്ക് ശേഷം (മാര്‍ച്ച് അവസാനത്തെ ആഴ്ച്ച) എന്റെ ചില ഔദ്യോഗിക കാര്യങ്ങള്‍ക്കായി ലക്ഷദ്വീപ് ഓഫീസിലേക്ക് പോവേണ്ടതുണ്ടായി (സത്യം പറഞ്ഞാല്‍ അത് ഞാന്‍ ചോദിച്ചു വാങ്ങിയതായിരുന്നു). ഔദ്യോഗിക കാര്യങ്ങള്‍ക്ക് ശേഷം ഞാന്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിവരം തിരക്കി. സംഗതി പൊലീസ് സെല്ലില്‍ വേരിഫിക്കേഷന് പോയിരിക്കുവാണെന്ന് അറിയാന്‍ കഴിഞ്ഞു. അന്ന് വൈകുന്നേരം ഞാന്‍ നമ്മുടെ കവരത്തിക്കാരന്‍ ഷെരീഫിനെ വിളിച്ചു. ഷെരീഫിന്റെ സുഹൃത്ത് പൊലീസ് സെല്ലില്‍ ഉണ്ട്. ആ ഒരു ബന്ധം ഉപയോഗിച്ച് അടുത്ത ദിവസം തന്നെ എന്റെ പൊലീസ് സ്റ്റേഷനിലേക്ക് വേരിഫിക്കേഷന്‍ മെയില്‍ അയപ്പിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞപ്പൊ അന്നു തന്നെ അവര്‍ മറുപടിയും അയച്ചു. ഇനി പെര്‍മിറ്റ് ലഭിക്കുന്നതിന് യാതൊരു തടസ്സങ്ങളും ഇല്ലെന്ന് ഷെരീഫ് അറിയിച്ചു.

എന്നാല്‍ ഷിപ്പ് ടിക്കറ്റ് ലഭിക്കുകയെന്ന കടമ്പ പിന്നെയും ബാക്കി. ഈ സമയത്തിനുള്ളില്‍ ഏപ്രില്‍ 25 വരെയുള്ള എല്ലാ ടിക്കറ്റുകളും വിറ്റു കഴിഞ്ഞെന്ന് അറിയാന്‍ കഴിഞ്ഞു. എന്തോ ഭാഗ്യംപോലെ മുന്‍നിശ്ചയിച്ചതിനു പുറമേ മറ്റു ചില കപ്പലുകള്‍ കൂടെ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും, ആ കപ്പലുകളുടെ ടിക്കറ്റ് കപ്പല്‍ പുറപ്പെടുന്നതിന്റെ തലേന്ന് മാത്രമേ നല്‍കുകയുള്ളൂ എന്നും അറിയാന്‍ കഴിഞ്ഞു. അങ്ങനെ കപ്പലിന്റെ പ്രോഗ്രാം നോക്കി പറ്റിയ ഒരു തിയ്യതി മനസ്സില്‍ ഉറപ്പിച്ചു, “ഏപ്രില്‍ 14”.

പെര്‍മിറ്റ് അപ്രൂവ് ആയാലും നമ്മള്‍ പറഞ്ഞാല്‍ മാത്രമേ അവര്‍ പ്രിന്റ് ചെയ്യുകയുള്ളൂ. അങ്ങനെ എപ്രില്‍ 11-ന് രണ്ടും കല്പിച്ച് പെര്‍മിറ്റ് പ്രിന്റ് ചെയ്യിപ്പിച്ചു. ടിക്കറ്റ് കിട്ടും എന്ന് മനസ്സ് പറയുന്നു. പിന്നെ ഓരോ ദിവസവും ദ്വീപ് യാത്രയെ സ്വപ്നം കണ്ട് കഴിച്ചുകൂട്ടി.

അങ്ങനെ ആ ദിവസമെത്തി, ഏപ്രില്‍ 13. അടുത്ത ദിവസം പുറപ്പെടുന്ന എം.വി. കവരത്തി എന്ന കപ്പലിന്റെ ടിക്കറ്റ് ഉച്ചക്ക് 2:30-ന് റിലീസ് ചെയ്യുമെന്ന് ഷെരീഫ് വിളിച്ചുപറഞ്ഞു. ഞാന്‍ ഓണ്‍ലൈനായും ഷെരീഫ് ടിക്കറ്റ് കൗണ്ടറിലും ടിക്കറ്റിനായി ഇരിപ്പ് തുടങ്ങി. അങ്ങനെ ഉച്ചക്ക് കൃത്യം 2:30-ന് തന്നെ ടിക്കറ്റ് റിലീസ് ചെയ്തു. സെര്‍വറിലെ തിരക്കു കാരണം ആദ്യത്തെ ബുക്കിംഗ് ശ്രമം പാളിപ്പോയി. പെട്ടന്ന് തന്നെ വീണ്ടും ശ്രമിച്ചു, അത് വിജയം കാണുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ കവരത്തിയിലേക്ക് 2 ടിക്കറ്റ് കിട്ടി.

അങ്ങനെ ലക്ഷദ്വീപ് എന്ന സുന്ദരലോകത്തിലേക്കുള്ള കടമ്പകള്‍ എല്ലാം കടന്നിരിക്കുന്നു. ആദ്യ കപ്പല്‍ യാത്ര സ്വപ്നം കണ്ട് അന്ന് കിടന്നുറങ്ങി…
യാത്രാ വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്…

(തുടരും)

ജിതിന്‍ പ്രഭാദാസന്‍

We use cookies to give you the best possible experience. Learn more