| Wednesday, 15th May 2024, 4:40 pm

ഇസ്രഈലിന് പിന്തുണ നല്‍കുന്ന കമ്പനികളുമായുള്ള എല്ലാ കരാറും അവസാനിപ്പിക്കണം; പ്രമേയം പാസാക്കി കേംബ്രിഡ്ജ് ട്രിനിറ്റി കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേംബ്രിഡ്ജ്: ഇസ്രഈലിന് പിന്തുണ നല്‍കുന്ന കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ട്രിനിറ്റി കോളേജിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോളേജ് സ്റ്റുഡന്റസ് യൂണിയന്‍. ഇസ്രഈല്‍ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെട്ട് ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അഞ്ച് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു.

കേംബ്രിഡ്ജ് സര്‍വകലാശാലക്ക് കീഴിലുള്ള മികച്ച കോളേജുകളിലൊന്നാണ് ട്രിനിറ്റി. ഇസ്രഈലിലെ ഏറ്റവും വലിയ ആയുധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസില്‍ ട്രിനിറ്റിക്ക് 78,089 ഡോളര്‍ നിക്ഷേപമുണ്ട്. ഇസ്രഈല്‍ സൈന്യം ഉപയോഗിക്കുന്ന ഡ്രോണുകളുടെയും കര അധിഷ്ഠിത ഉപകരണങ്ങളുടെയും 85 ശതമാനവും നിര്‍മിക്കുന്നത് എല്‍ബിറ്റ് ആണ്.

ശനിയാഴ്ചയാണ് കോളേജ് സ്റ്റുഡന്റസ് യൂണിയന്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയത്. ഗസയിലെ യുദ്ധത്തില്‍ പങ്കാളികളാകുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്ന എല്ലാ കമ്പനികളില്‍ നിന്നും പിന്മാറാന്‍ കോളേജിനോട് യൂണിയന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രമേയം പാസാക്കിയത്. പ്രമേയം എല്ലാതരം വംശീയതയെയും അപലപിക്കുകയും അക്കാദമിയിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇസ്രഈല്‍ പങ്കാളിത്തമുള്ള കമ്പനികളുമായി നിലവില്‍ പുതിയ കരാറുകള്‍ ഒപ്പുവെക്കില്ലെന്ന് കോളേജ് അറിയിച്ചതായി ശനിയാഴ്ച നടന്ന യോഗത്തില്‍ കോളേജ് സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. ട്രിനിറ്റിയുടെ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ ജനതയോട് പുലര്‍ത്തുന്ന ഐക്യദാര്‍ഢ്യമാണ് പ്രമേയത്തില്‍ പ്രതിഫലിക്കുന്നതെന്ന് യോഗം വ്യക്തമാക്കി.

അതേസമയം കേംബ്രിഡ്ജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ ഐക്കണിക് കിംഗ്‌സ് പരേഡ് ഗ്രൗണ്ടില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുകയും അവിടെ അവര്‍ കൂടാരങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Content Highlight: Trinity College Cambridge student union passes motion to divest from war on Gaza

We use cookies to give you the best possible experience. Learn more