തൃണമൂല്‍ എം.എല്‍.എ യുടെ കൊലപാതകം; മൂന്നുപേരെ കസ്റ്റഡിയിലെടുത്തു
national news
തൃണമൂല്‍ എം.എല്‍.എ യുടെ കൊലപാതകം; മൂന്നുപേരെ കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 11:19 am

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജയ്പാല്‍ ഭുല്‍ബാരിയിലെ സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടെ ഇന്നലെയാണ് സത്യജിത്ത് വെടിയേറ്റ് മരിച്ചത്. കസേരയില്‍ ഇരിക്കുകയായിരുന്ന സത്യജിത്തിനെ പിന്നില്‍ നിന്നും ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് സംഭവത്തിലെ ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

സത്യജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നില്‍ നിന്നാണ് സത്യജിത്തിന് വെടിയേറ്റത് എന്ന് പ്രാഥമിക അന്വേഷണത്തിലും വ്യക്തമാണ്. കൊലപാതകം ആസൂത്രിതമാണ് എന്നും പൊലീസ് സൂപ്രണ്ട് രൂപേഷ് കുമാര്‍ പറഞ്ഞു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബിശ്വാസ് കൊല്ലപ്പെട്ടത്.

ALSO READ: സബ് കളക്ടര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; എസ്. രാജേന്ദ്രനില്‍ നിന്ന് വിശദീകരണം തേടുമെന്ന് സി.പി.ഐ.എം

വെടിവെച്ചത് ബി.ജെപി.യാണെന്നാണ് തൃണമൂലിന്റെ ആരോപണം. “”ബിശ്വാസിനെ വധിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ശക്തനായ എതിരാളിയെ ഇല്ലാതാക്കലായിരുന്നു ഉദ്ദേശം. അതിപ്പോള്‍ നടപ്പിലായി””-തൃണമൂല് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു.

ബിശ്വാസിനെ വധിച്ചത് ബി.ജെ.പിയാണെന്ന് നാദിയ ജില്ലയിലെ തൃണമൂല്‍ പാര്‍ട്ടി നിരീക്ഷകന്‍ അനുഭ്രാത മൊണ്ടല്‍ അറിയിച്ചു. സത്യം അറിയണമെന്നും അതിനായി പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തില്‍ ബി.ജെ.പി കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി പ്രതികരിക്കുമെന്നും പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.

എന്നാല്‍ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി. തൃണമൂലിനകത്തെ പ്രശ്നങ്ങളുടെ ഇരയാണ് ബിശ്വാസെന്ന് ബംഗാള്‍ ജനറല്‍ സെക്രട്ടറി സത്യനാഥന്‍ ബസു പ്രതികരിച്ചു.