| Friday, 9th December 2022, 9:32 am

ബി.ജെ.പിയുടെ നീചമായ അജണ്ടയില്‍ കടുത്ത ആശങ്കയും രോഷവും; തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ എം.പിമാര്‍ ഗുജറാത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖെലയെ രണ്ടാമതും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്‌സഭ, രാജ്യസഭ എം.പിമാരുടെ സംഘം ഉടന്‍ തന്നെ ഗുജറാത്തിലെത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

ഡോല സെന്‍, ഖാലിലൂര്‍ റഹമാന്‍, ശാന്തനു സെന്‍, സുനില്‍ മണ്ഡല്‍, അസിത് മാല്‍ എന്നീ എം.പിമാരാണ് ഗുജറാത്തിലെ മോര്‍ബിയിലേക്ക് പോയിരിക്കുന്നത്.

‘ഗുജറാത്തിലെ ബി.ജെ.പിയുടെ നീചമായ അജണ്ട ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ഗുജറാത്ത് പൊലീസ് അദ്ദേഹത്തെ വിട്ടയച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അതും യാതൊരു കാരണവും കൂടാതെയാണ് ഈ അറസ്റ്റ്.

പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ അപകടത്തിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ സാകേത് ഗോഖലെയെ നിരുപാധികം വിട്ടയച്ചേ മതിയാകൂ. മോര്‍ബി ദുരന്തത്തില്‍ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. പക്ഷെ സത്യം തുറന്നുപറയുന്നവര്‍ക്കെതിരെ അതിക്രമം തുടരാന്‍ ഒരു മടിയുമില്ല. ഞങ്ങള്‍ സാകേത് ഗോഖലെക്ക് ഒപ്പം ശക്തമായി നില്‍ക്കും. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും,’ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന പ്രതികരണത്തില്‍ പറയുന്നു.

ഈ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് എം.പി. ഡെറക് ഒബ്രിയാനും ട്വീറ്റ് ചെയ്തിരുന്നു. ‘മോര്‍ബിയില്‍ പാലം തകര്‍ന്നതിന് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ഞങ്ങളുടെ വക്താവ് സാകേത് ഗോഖലെക്കെതിരെ നിരവധി വ്യാജ കേസുകള്‍ കെട്ടിച്ചമച്ചിരിക്കുകയാണ്. ഞങ്ങള്‍ വലിയ രോഷത്തിലാണ്. കടുത്ത ആശങ്കയുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ, ലോക്‌സഭ പ്രതിനിധികളുടെ സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടുകഴിഞ്ഞു,’ ഒബ്രിയാന്റെ ട്വീറ്റില്‍ പറയുന്നു.

ഗോഖലെ ഹൃദയസംബന്ധിയായ രോഗങ്ങളുള്ള വ്യക്തിയാണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഒബ്രിയാന്റെ ട്വീറ്റിലുണ്ട്.

ഡിസംബര്‍ ആറിന് അറസ്റ്റിലായ വിവരാവകാശ പ്രവര്‍ത്തകനും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവുമായ സാകേത് ഗോഖലെയെ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മോര്‍ബി പാലം തകര്‍ന്നതിനോട് പ്രതികരിച്ച ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഗോഖലയെ ആദ്യം അറസ്റ്റ് ചെയ്തിരുന്നത്.

രണ്ട് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഗോഖലെക്ക് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടെ ഗോഖലെയെ വീണ്ടും മോര്‍ബി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തൃണമൂല്‍ എം.പി. ഡെറക് ഒബ്രിയാനാണ് ഗോഖലെയെ രണ്ടാമതും അറസ്റ്റ് ചെയ്‌തെന്ന വിവരം ട്വീറ്റ് ചെയ്തത്. അഹമ്മദ് പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ഗോഖലെയെ രാത്രി 8.45ഓടെ വീണ്ടും അറസ്റ്റ് ചെയ്തുവെന്നും നോട്ടീസോ വാറന്റോ കൂടാതെയായിരുന്നു ഇതെന്നും ഡെറക് ഒബ്രിയാന്റെ ട്വീറ്റില്‍ പറയുന്നു. അജ്ഞാത കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയിരിക്കുകയാണെന്നും രാത്രി 9.15ഓടെ വന്ന അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായിരുന്നു.

മോര്‍ബി പാലം തകര്‍ന്നതിന് പിന്നാലെ നടന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് ഗോഖലെയെ ആദ്യം അറസ്റ്റ് ചെയ്തതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.ജെ.പി പ്രവര്‍ത്തകന്‍ അമിത് കോത്താരിയുടെ പരാതിയിലാണ് പൊലീസ് നടപടിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

നരേന്ദ്ര മോദിയുടെ മോര്‍ബി പാല സന്ദര്‍ശനത്തിന് 30കോടിയോളം രൂപ ചിലവായി എന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ട്വീറ്റിലുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡിസംബര്‍ ഒന്നിന് ട്വീറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഗോഖലെയുടെ അറസ്റ്റ് കൃത്യമായും രാഷ്ട്രീയപ്രേരിതമാണെന്നും ബി.ജെ.പി കെട്ടിച്ചമച്ചതാണെന്നുമാണ് തൃണമൂല്‍ നേതാക്കളുടെ പ്രതികരണം. ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ അറസ്റ്റെന്നതും ഇവര്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണിതെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചിരുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ അവശേഷിപ്പായ പാലം അറ്റകുറ്റപ്പണി കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 30ന് തകരുകയും 135 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഗുജറാത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നത്.

Content Highlight: Trinamool Congress furious over Saket Gokhale’s arrest, MPs delegation goes to Gujarat

We use cookies to give you the best possible experience. Learn more