കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വരാനിരിക്കുന്ന മുന്‍സിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കുന്നത്.
തിങ്കളാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാപാര്‍ട്ടികളുടെയും ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ ആവശ്യപ്പെടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
‘വരുന്ന മുന്‍സിപല്‍/ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കും. നമ്മള്‍ പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ മാഹാമാരിയെ ചെറുക്കേണ്ട സമയമാണിത്,” തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
‘തെരഞ്ഞെടുപ്പ് വരും പോകും, സമൂഹം ഇത്രയും വലിയൊരു ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയം പുറകോട്ടു വെക്കണം. സമൂഹ നന്മയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് കൈകോര്‍ത്ത് നില്‍ക്കണം,’ പ്രസ്താവനയില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് നീണ്ട ക്യാംപയിനുകള്‍ സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിനാളുകളാണ് ബംഗാളിന്റെ 294 നിയമസഭാ മണ്ഡലങ്ങളിലുമായി പങ്കെടുത്തത്.
അതേസമയം രാജ്യത്ത് 107 പേര്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്.അതില്‍ ദല്‍ഹിയിലും കലബുര്‍ഗിയിലുമായി കൊവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു.