ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊല്‍ക്കത്ത: ബംഗാളിലെ കോണ്‍ഗ്രസ് സിറ്റിങ് സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു ജയം. സി.പി.ഐ.എം പിന്തുണയോടെ കോണ്‍ഗ്രസ് മത്സരിച്ച കാളിയഗഞ്ച് നിയമസഭാ മണ്ഡലത്തിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടിന്റെ വിജയം നേടിയത്.
ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിന് ബംഗാള്‍ നല്കിയ മറുപടിയാണ് തൃണമൂലിന്റെ വിജയമെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പ്രതികരിച്ചു.
ബംഗാളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഒരു മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 25-നാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. ബംഗാളിലെ രണ്ട് സീറ്റുകളില്‍ക്കൂടി ലീഡ് ചെയ്യുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ്.
കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യം മത്സരിച്ച ഖരഗ്പുര്‍ സദര്‍ മണ്ഡലത്തില്‍ 13,000 വോട്ടിന്റെ ലീഡാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രദീപ് സര്‍ക്കാരിന് ഇപ്പോഴുള്ളത്. ബി.ജെ.പിയുടെ പ്രേം ചന്ദ്ര ഝായാണ് രണ്ടാം സ്ഥാനത്ത്. ബി.ജെ.പിയുടെ സംസ്ഥാനാധ്യക്ഷന്‍ ദിലിപ് ഘോഷ് കഴിഞ്ഞതവണ വിജയിച്ച സീറ്റാണിത്.
കഴിഞ്ഞതവണ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയിത്ര വിജയിച്ച കരിംപുരാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം. ഇത്തവണയും തൃണമൂല്‍ ഇവിടം പിടിക്കാനൊരുങ്ങിക്കഴിഞ്ഞു. 23,586 വോട്ടിന്റെ ലീഡാണ് തൃണമൂലിന്റെ ബിമലേന്ദു സിങ് റോയിക്കുള്ളത്.
ഉത്തരാഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക മണ്ഡലമായ പിത്തോര്‍ഗഢില്‍ ബി.ജെ.പിയുടെ ചന്ദ്ര പന്താണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്. 1856 വോട്ടിന്റെ ലീഡാണ് ബി.ജെ.പിക്കുള്ളത്.
സമാജ്വാദി പാര്‍ട്ടിയും ഇത്തവണ ഇവിടെ മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയുണ്ട്. മൂന്നുവട്ടം എം.എല്‍.എയായ ബി.ജെ.പി മുന്‍ മന്ത്രി പ്രകാശ് പന്തിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്കു കാര്യങ്ങളെത്തിച്ചത്. പ്രകാശ് പന്തിന്റെ ഭാര്യയാണ് ഇപ്പോഴത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്ര പന്ത്.