| Tuesday, 30th April 2019, 4:06 pm

'ഇത് കുതിരക്കച്ചവടമാണ്' ; മോദിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് മമതാ ബാനര്‍ജിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ ബി.ജെ.പിയിലേക്ക് വരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം കുതിരക്കച്ചവടമാണെന്നും അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും മമതാ ബാനര്‍ജി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനം ആരോപിച്ച് പ്രധാനമന്ത്രിയ്‌ക്കെതിരെ ഏറ്റവുമൊടുവിലായി ലഭിച്ച പരാതിയാണിത്. കമ്മീഷനു മുമ്പാകെ കെട്ടിക്കിടക്കുന്ന പരാതികള്‍ ഇന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞു.

പെരുമാറ്റചട്ട ലംഘനം നടത്തിയ മോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയ്‌ക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിരിക്കുന്നത്.

സെരംപൂറില്‍ നടന്ന റാലിയിലാണ് എം.എല്‍.എമാരെ കൂറുമാറ്റുമെന്ന് മോദി പ്രസംഗിച്ചത്. ‘ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.’ മോദി പറഞ്ഞു.

ജനങ്ങളെ ചതിച്ചത് കൊണ്ട് മമതയ്ക്ക് മുഖ്യമന്ത്രിയായിരിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും മോദി പറഞ്ഞു. 294 അംഗ നിയമസഭയില്‍ 221 എം.എല്‍.എമാരാണ് തൃണമൂലിനുള്ളത്. 34 പാര്‍ലെമെന്റ് സീറ്റുകളാണ് പാര്‍ട്ടിയ്ക്കുള്ളത്.

കഴിഞ്ഞയാഴ്ച അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മമത ബാനര്‍ജിയോട് സൗഹൃദമുണ്ടെന്നും അവര്‍ തനിയ്ക്ക് കുര്‍ത്ത തരാറുണ്ടെന്നും ഷെയ്ഖ് ഹസീന ബംഗാളി പലഹാരം കൊണ്ട് തരുന്നതറിഞ്ഞ് പലഹാരം കൊണ്ട് തരാറുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കുമെന്ന മോദിയുടെ ഭീഷണി.

We use cookies to give you the best possible experience. Learn more