| Saturday, 26th December 2020, 1:58 pm

ബി.ജെ.പിയെ വളഞ്ഞ് തൃണമൂല്‍; മറുകണ്ടം ചാടിയ നേതാക്കള്‍ക്ക് നേരെ കരിങ്കൊടിയും മുദ്രാവാക്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കള്‍ക്ക് നേരെ രോഷപ്രകടനവുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍. വിമത നേതാക്കളുടെ വാഹനം വളയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. തൃണമൂല്‍ എം.പിയായിരുന്ന സുനില്‍ മൊണ്ടേലിന്റെ വാഹനത്തിന് നേരയായിരുന്നു കരിങ്കോടി പ്രതിഷേധം.

ബി.ജെ.പി ഓഫീസിലേക്ക് സ്വീകരണ പരിപാടിക്ക് പോകുംവഴിയായിരുന്നു തൃണമൂല്‍ നേതാക്കള്‍ വണ്ടിക്ക് മുന്നിലേക്ക് എടുത്തുചാടിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

വിമത നേതാക്കള്‍ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കവേയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബി.ജെ.പിയിലേക്ക് മാറിയത്.

ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് രാജിവെച്ച സുവേന്തു അധികാരിയും ബി.ജെ.പിയിലേക്ക് മാറിയിരുന്നു.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ്ഒരുക്കങ്ങളും പ്രചരണങ്ങളും ബംഗാളില്‍ നടക്കുന്നത്.

എന്നാല്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരുതരത്തിലും നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറയുന്നത്.

ഒരു കൂട്ടം മാധ്യമങ്ങളെ കണ്ടുകൊണ്ടുള്ള അമിതാവേശം മാത്രമാണ് ബി.ജെ.പിയുടേതെന്നും തെരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റ് സ്വന്തമാക്കാന്‍ ബി.ജെ.പി പാടുപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Trinamool Supporters Surround Rebel MP’s Car Outside BJP Office

We use cookies to give you the best possible experience. Learn more