ഓഹരി കുംഭകോണം; പിന്നില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന കേന്ദ്രമന്ത്രി: തൃണമൂല്‍ കോണ്‍ഗ്രസ്
national news
ഓഹരി കുംഭകോണം; പിന്നില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന കേന്ദ്രമന്ത്രി: തൃണമൂല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2024, 8:24 pm

കൊല്‍ക്കത്ത: കോണ്‍ഗ്രസിന് പുറമെ സ്റ്റോക്ക് മാര്‍ക്കറ്റിലുണ്ടായ കുതിപ്പില്‍ അഴിമതി ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകള്‍ വന്നതിനുപിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉണ്ടായ കുതിപ്പിന് പിന്നില്‍ ബി.ജെ.പിയുടെ കൈകളാണെന്ന് തൃണമൂല്‍ പറഞ്ഞു. കുംഭകോണത്തില്‍ ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രിക്ക് പങ്കുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

സ്റ്റോക്ക് മാര്‍ക്കറ്റിലുണ്ടായ കുതിപ്പില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് തൃണമൂല്‍ വ്യക്തമാക്കി. ഈ ആവശ്യത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട്, പാര്‍ട്ടി പ്രതിനിധികളുടെ ഒരു സംഘം എന്‍.സി.പി ശരത് പവാര്‍ വിഭാഗവുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തി.

കല്യാണ്‍ ബാനര്‍ജി, സാകേത് ഗോഖലെ, സാഗരിക ഘോഷ് എന്നിവരുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളാണ് പവാറിന്റെ വസതിയിലെത്തിയത്. മുംബൈ സൗത്തില്‍ നിന്നുള്ള ശിവസേന (യു.ബി.ടി) എം.പി അരവിന്ദ് സാവന്ത്, പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചര്‍ച്ചക്കിടയില്‍ ഓഹരി കുംഭകോണത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിന് പങ്കുണ്ടെന്ന് തൃണമൂല്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ട്. നേതാക്കള്‍ പേര് വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയും വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒന്നായിരുന്നു എക്‌സിറ്റ് പോളുകളെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ഓഹരി വിപണയില്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സ്റ്റോക്ക് മാര്‍ക്കറ്റിലുണ്ടായ കുതിച്ചുചാട്ടത്തില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയും രൂക്ഷ വിമർശനമുയർത്തിരുന്നു. എകിസ്റ്റ് പോളിന്റെ മറവില്‍ നരേന്ദ്ര മോദി ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

ജൂണ്‍ നാലിന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മോദിയും അമിത് ഷായും പറഞ്ഞിരുന്നു. ഇരുവരും സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജൂണ്‍ ഒന്നിന് വ്യാജ എക്സ്റ്റിറ്റ് പോളുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജൂണ്‍ നാലിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലില്‍ മോദിയും അമിത് ഷായും നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ആരോപണം.

Content Highlight: Trinamool said that BJP’s hands were behind the surge in the stock market after the exit polls