ന്യൂദല്‍ഹി: ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി വിവരാവകാശ പ്രവര്‍ത്തകനും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവുമായ സാകേത് ഗോഖലെ.
അറസ്റ്റിലൂടെ തന്നെ തകര്‍ക്കാമെന്നാണ് ബി.ജെ.പി വിചാരിച്ചിരിക്കുന്നതെങ്കില്‍ അവര്‍ക്ക് വലിയ തെറ്റുപറ്റി എന്നാണ് പുറത്തുവന്നതിന് പിന്നാലെ ഗോഖലെ പറഞ്ഞത്.
നാല് ദിവസത്തിനിടെ രണ്ട് തവണ പൊലീസ് ഗോഖലയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് കേസിലും ജാമ്യം നേടി പുറത്തെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം എന്നെ അറസ്റ്റ് ചെയ്തു, ജാമ്യം കിട്ടി, വീണ്ടും അറസ്റ്റ് ചെയ്തു, വീണ്ടും ജാമ്യം നേടി. എല്ലാം നാല് ദിവസത്തിനുള്ളില്‍.
എന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതിന് ബഹുമാനപ്പെട്ട ജുഡീഷ്യറിയോട് നന്ദിയുണ്ട്. ഈ അറസ്റ്റ് എന്നെ തകര്‍ക്കുമെന്ന് ബി.ജെ.പി കരുതിയെങ്കില്‍ അവര്‍ വലിയ രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.
ഇനിമുതല്‍ ഞാനവരെ കൂടുതല്‍ കഠിനമായായിരിക്കും സമീപിക്കുക,” സാകേത് ഗോഖലെ ശനിയാഴ്ച ട്വീറ്റ് ചെയ്തു.
”മോര്‍ബി പാലം തകര്‍ച്ചയെക്കുറിച്ചുള്ള ട്വീറ്റിന് മൂന്ന് ദിവസത്തിനുള്ളില്‍ എന്നെ രണ്ടുതവണ അറസ്റ്റ് ചെയ്തു. എന്നാല്‍ ആ പാലം നിര്‍മിച്ച ഒരേവ കമ്പനിയുടെ ഉടമകളുടെ പേര് നാളിതുവരെ എഫ്.ഐ.ആറില്‍ പോലും ചേര്‍ത്തിട്ടില്ല.
ഒരു ട്വീറ്റാണ് മോദിയെ വേദനിപ്പിച്ചത്. 135 നിരപരാധികളുടെ മരണമല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതിനെ കുറിച്ചുള്ള ട്വീറ്റുമായി ബന്ധപ്പെട്ട ആദ്യത്തെ കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഗോഖലയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബര്‍ ആറിനായിരുന്നു അറസ്റ്റ്.
രണ്ട് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഗോഖലെക്ക് അഹമ്മദാബാദ് മെട്രോപോളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടെ ഗോഖലെയെ വീണ്ടും മോര്‍ബി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പിന്നാലെ വെള്ളിയാഴ്ച വീണ്ടും ജാമ്യം ലഭിക്കുകയായിരുന്നു.
പാലം തകര്‍ന്നതിന് പിന്നാലെ നടന്ന നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ട്വീറ്റിലാണ്, ബി.ജെ.പി പ്രവര്‍ത്തകന്‍ അമിത് കോത്താരിയുടെ പരാതിയില്‍ ഗോഖലെയെ ആദ്യം അറസ്റ്റ് ചെയ്തത്.
നരേന്ദ്ര മോദിയുടെ മോര്‍ബി സന്ദര്‍ശനത്തിന് 30കോടിയോളം രൂപ ചെലവായി എന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തിരുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ട്വീറ്റിലുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡിസംബര്‍ ഒന്നിന് ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ ഗോഖലയെ രണ്ടാമതും അറസ്റ്റ് ചെയ്തതായി തൃണമൂല്‍ എം.പി. ഡെറക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
അഹമ്മദ് പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ഗോഖലെയെ രാത്രി 8.45ഓടെ വീണ്ടും അറസ്റ്റ് ചെയ്തുവെന്നും നോട്ടീസോ വാറന്റോ കൂടാതെയായിരുന്നു ഇതെന്നും ഡെറക് ഒബ്രിയാന്‍ ട്വീറ്റില്‍ പറഞ്ഞു. അജ്ഞാത കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയിരിക്കുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു.
അതേസമയം, ഗോഖലെയുടെ അറസ്റ്റ് കൃത്യമായും രാഷ്ട്രീയപ്രേരിതമാണെന്നും ബി.ജെ.പി കെട്ടിച്ചമച്ചതാണെന്നുമാണ് തൃണമൂല്‍ നേതാക്കളുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികാര നടപടിയായിരുന്നു ഇതെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.
ഗുജറാത്തിലെ മോര്‍ബി പാലം അറ്റകുറ്റപ്പണി കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 30ന് തകരുകയും 135 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഗുജറാത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.
Content Highlight: Trinamool’s Saket Gokhale reacts against Narendra Modi after got bail