ന്യൂദല്‍ഹി: ശീതകാല സമ്മേളനത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ കേന്ദ്രത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രിയാന്‍.
രാജ്യസഭയില്‍ ചെയറിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞെന്നാരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയത്.
റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായുള്ള ഉത്തരം അദ്ദേഹം നല്‍കിയില്ല. ശരിക്കും അങ്ങനെ നടന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്.
‘ഓ! ശരിക്കും? ആരെങ്കിലും ഒരു റൂള്‍ബുക്ക് എറിഞ്ഞോ? പാര്‍ലമെന്റ് കത്തിക്കൊണ്ടിരിക്കുകയാണ്. മോദിയും ഷായും കത്തിയുമായി പാര്‍ലമെന്റിന് ചുറ്റും കറങ്ങി ജനാധിപത്യത്തെ കൊല്ലുന്നു,”
വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒബ്രിയാന്‍ പരിഹസിച്ചു.
”12 എം.പിമാര്‍ പുറത്ത് ഇരിക്കുന്നു. 700 കര്‍ഷകര്‍ കൊല്ലപ്പെട്ടു. ആരാണ് അത് ചെയ്തത്?” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ റൂള്‍ ബുക്ക് വലിച്ചെറിയുന്നതിന്റെ ഫൂട്ടേജ് ഉണ്ടെങ്കില്‍ കാണിച്ചുതരൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
” എനിക്ക് ദൃശ്യങ്ങള്‍ കാണിക്കൂ. അവര്‍ എന്നെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എന്റെ ദൈവമേ. ഞാന്‍ റൂള്‍ബുക്ക് എറിഞ്ഞിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചു നോക്കിയേ,” ഒബ്രിയാന്‍ പറഞ്ഞു.
മറ്റുള്ളവര്‍ പറഞ്ഞുപഠിപ്പിക്കുന്നത് സര്‍ക്കാര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അതുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നും ഒബ്രിയാന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ ക്രമപ്രശ്നം ഉന്നയിച്ചത് അനുവദിക്കാത്തതിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ ഒബ്രയാന്‍ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു എന്നാണ് ആരോപണം.
വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കിയതിന് പിന്നാലെയാണ് ഒബ്രിയാനെതിരെ നടപടിയെടുത്തത്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കുന്നതിനാല്‍ ഒരുദിവസം മാത്രമേ ഒബ്രിയാന് സഭയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമാവുകയുള്ളൂ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Contejnt Highlights: Trinamool’s Derek O’Brien On Charge He Threw Rule Book