| Sunday, 20th December 2020, 5:30 pm

അമിത് ഷാ ബംഗാളില്‍ പറഞ്ഞ ഏഴ് കളവുകള്‍; മറുപടിയുമായി തൃണമൂല്‍ എം. പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി അമിത് ഷാ പറഞ്ഞ ഏഴ് കാര്യങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍.

ബി.ജെ.പി ‘ടൂറിസ്റ്റ് ഗാങ്ങി’ന്റെ വിശ്വസ്തനായ ഷായുടെ പ്രസംഗത്തിലെ കെട്ടിച്ചമച്ച, തെറ്റായ ഏഴു വിവരങ്ങള്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് ഒബ്രിയാന്‍ പ്രസ്താവന പുറത്തിറക്കിയത്.

അമിത് ഷാ പറഞ്ഞ തെറ്റായ കാര്യങ്ങളും അതിന്റെ സത്യാവസ്ഥയും എന്ന രീതിയിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ കൂറുമാറിയെന്ന് ആരോപിക്കുന്നു എന്നായിരുന്നു ഷാ യുടെ ഒരു വാദം. കഴിഞ്ഞ ദിവസം സുവേന്തു അധികാരി അടക്കമുള്ള തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇക്കാര്യം വിശദീകരിക്കവെയായിരുന്നു ഷായുടെ പ്രസ്താവന.

എന്നാല്‍ മമത കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിയില്‍ ചേരാനല്ല, പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനാണ്. 1998ല്‍ അവര്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതി കൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ ആയുഷ്മാന്‍ പദ്ധതിയ്ക്ക് വെറും രണ്ട് വര്‍ഷം മുമ്പ് കൊണ്ട് വന്ന സ്വാസ്ത്യ സതി എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ 1.4 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും മറ്റും കണ്ടുവന്നെന്ന് ഇതിന് മറുപടിയായി ഒബ്രിയാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കിസാന്‍ ഫണ്ടായ 6,000 രൂപ ബംഗാള്‍ മുക്കുകയാണെന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായ ധനമായി 5,000 രൂപ നല്‍കുന്നുണ്ട്. കേന്ദ്രം ഒരു ഏക്കറിന് 1214 രൂപ എന്ന നിരക്കിനല്ലേ പണം കൊടുക്കുന്നതെന്നാണ് ഒബ്രിയാന്‍ തിരിച്ച് പറയുന്നത്.

ബംഗാളില്‍ 300ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. പക്ഷെ ആത്മഹത്യ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ പോലും കൊലപാതകത്തിന്റെ കൂട്ടത്തില്‍ കൂട്ടിയാണ് ഇത് പറയുന്നതെന്ന് ഒബ്രിയാന്‍ പറഞ്ഞു.

ജെ. പി നദ്ദ ബംഗാളില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയില്ലെന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ നദ്ദയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി നല്‍കിയെന്നും പക്ഷെ അദ്ദേഹം എല്ലാ നിര്‍ദേശങ്ങളും തെറ്റിച്ചെന്നും ഒബ്രിയാന്‍ പറഞ്ഞു.

ഇത്തരത്തില്‍ അമിത്ഷായുടെ ഏഴ് വാദങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഡെറിക് ഒബ്രിയാന്‍ പറഞ്ഞത്. ഒരു എം.പിയും ഏഴ് എം.എല്‍.എമാരുമുള്‍പ്പെടെ എട്ട് തൃണമൂല്‍ നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Trinamool’s Derek O’Brien Hits Out At Amit Shah on his 7 Pieces Of False Info

We use cookies to give you the best possible experience. Learn more