| Monday, 16th September 2024, 5:12 pm

വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണച്ചെലവ് മോദി സര്‍ക്കാര്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചതായി തൃണമൂല്‍ എം.പി; നിഷേധിച്ച് റെയില്‍വെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണച്ചെലവ് 50 ശതമാനം വര്‍ധിപ്പിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ. എന്നാല്‍ എം.പിയുടെ ആരോപണത്തെ തള്ളിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

സാകേത് ഗോഖലെ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ പക്ഷം.

സാകേത് ഗോഖലെ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത് ട്രെയിന്‍ കരാര്‍ 50 ശതമാനം വര്‍ധിപ്പിച്ചുവെന്നും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നതിനുള്ള 58000 കോടി രൂപയുടെ കരാര്‍ മോദി പരിഷ്‌കരിച്ചു എന്നുമായിരുന്നു.

‘നേരത്തെ 290 കോടി രൂപ വിലയുള്ള ട്രെയിനിന് ഇപ്പോള്‍ 436 കോടി രൂപ വിലവരുന്നുണ്ട്. ഈ ട്രെയിനില്‍ മുഴുവന്‍ എ.സി കോച്ചുകളാണ്. സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമല്ല. അതേസമയം 50 ശതമാനത്തിന്റെ വര്‍ധനവ് ആര്‍ക്കാണ് ഉപയോഗപ്രദമാകുന്നത്,’ സാകേത് ഗോഖലെ ചോദിച്ചു.

എന്നാല്‍ സാകേത് ഗോഖലെയുടെ ആരോപണത്തില്‍ ഇന്ത്യന്‍ റെയില്‍വേ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

ഒരു ട്രെയിനിന്റെ മൊത്തം ചെലവ് കണക്കാക്കുന്നത് ഒരു കോച്ചിന്റെ വിലയെ കോച്ചുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് എന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത പ്രൊജക്ടിനായുള്ള ചെലവില്‍ ഒരു കോച്ചിന്റെ വില എല്ലാ വ്യവസായ മാനദണ്ഡങ്ങളേക്കാളും കുറവാണെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി.

ദീര്‍ഘദൂര ട്രെയിനുകള്‍ വര്‍ധിപ്പിക്കുന്നതിനായി 16ല്‍ നിന്ന് 24 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കരാറിലെ കോച്ചുകളുടെ എണ്ണം താരതമ്യേന നിലനിര്‍ത്തിയിട്ടുണ്ടെന്നുമായിരുന്നു റെയില്‍വേ പറഞ്ഞത്.

Content Highlight: TRINAMOOL MP says that modi government has increased the constructtion cost of vandebharath trains by 50 percent; raiway denied

We use cookies to give you the best possible experience. Learn more