| Tuesday, 13th December 2022, 6:52 pm

'യഥാര്‍ത്ഥ പപ്പു ആരാണെന്ന് ഇപ്പോള്‍ മനസിലായില്ലേ'; കേന്ദ്രത്തിന്റെ അവകാശ വാദങ്ങള്‍ക്കെതിരെ മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദത്തിനാണ് അവര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.

വ്യാവസായിക ഉത്പാദനത്തിന്റെ (ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട്) കണക്കുകള്‍ നിരത്തിക്കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് മഹുവ തിരിച്ചടിച്ചത്.

സമ്പദ്‌വ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍, ഭവനം, വൈദ്യുതി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നുമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വാദങ്ങളെയാണ് എം.പി ലോക്‌സഭയില്‍ വിമര്‍ശിച്ചത്.

കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നും സത്യം ഇപ്പോള്‍ പുറത്ത് വരുന്നുണ്ടെന്നുമാണ് മഹുവ ഇതിന് നല്‍കിയ മറുപടി.

”ഈ സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയുമാണ് പപ്പു എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. കാര്യശേഷിയില്ലായ്മയെയും കഴിവില്ലായ്മയെയും കാണിക്കാനായിരുന്നു നിങ്ങള്‍ ഈ അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചത്.

എന്നാല്‍ ആരാണ് യഥാര്‍ത്ഥ പപ്പു എന്ന് ഈ കണക്കുകള്‍ പറയുന്നുണ്ട്. ഇത് ആരോഗ്യകരമായ സാമ്പത്തിക അന്തരീക്ഷത്തിന്റെ ലക്ഷണമാണോ? ആരാണ് ഇപ്പോള്‍ പപ്പു?

ബിസിനസുകാരുടെയും വലിയ ആസ്തിയുള്ള വ്യക്തികളുടെയും മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാള്‍ തൂങ്ങിക്കിടക്കുന്ന ഭീകരാന്തരീക്ഷമാണ് ഈ രാജ്യത്ത് നിലനില്‍ക്കുന്നത്,” മഹുവ പറഞ്ഞു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (National Statistical Office) ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ഡാറ്റകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു തൃണമൂല്‍ നേതാവിന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതിന് വേണ്ടിയായിരുന്നു ബി.ജെ.പി നേതാക്കള്‍ പപ്പു എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയുടെ വളര്‍ച്ചയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Trinamool MP Mahua Moitra slams central gov over economy in her speech

We use cookies to give you the best possible experience. Learn more