| Friday, 12th February 2021, 2:42 pm

തൃണമൂല്‍ എം.പി ദിനേശ് ത്രിവേദി രാജിവെച്ചു; ബി.ജെ.പിയിലേക്കെന്ന് സൂചന; വീണ്ടും വെട്ടിലായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ ദിനേശ് ത്രിവേദി രാജ്യസഭാഗത്വം രാജിവെച്ചു. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജിവെക്കുകയാണെന്ന് ദിനേശ് ത്രിവേദി അറിയച്ചത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ വലിയ അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അതു തടയാന്‍ ഒന്നും ചെയ്യാനാകാത്തതു കൊണ്ടാണ് രാജിവെക്കുന്നതെന്നുമാണ് ദിനേശ് ത്രിവേദി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

‘ഞാന്‍ ഇന്ന് രാജ്യസഭാഗത്വം രാജിവെക്കുകയാണ്. എന്നെ ഇങ്ങോട്ട് അയച്ച പാര്‍ട്ടിയോടുള്ള എല്ലാ നന്ദിയും അറിയിക്കുന്നു. പക്ഷെ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ഒന്നും ചെയ്യാനാകാതെ ശ്വാസം മുട്ടുകയാണ് ഞാന്‍. ഇവിടെ ഇരുന്നിട്ടും ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ പിന്നെ രാജി വെക്കുകയാണ് വേണ്ടതെന്ന് എന്റെ ആത്മാവ് പറയുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്കായി ഞാന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും,’ ദിനേശ് ത്രിവേദി പറഞ്ഞു.

താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന തൃണമൂല്‍ പ്രവര്‍ത്തകരെ രാജ്യസഭയിലേക്ക് അയക്കാന്‍ ഇതൊരു അവസരമായിരിക്കുമെന്നാണ് പാര്‍ട്ടി എം.പി സുകേന്ദു എസ്. റോയ് ദിനേശ് ത്രിവേദിയുടെ രാജിയോട് പ്രതികരിച്ചത്. ‘തൃണമൂല്‍ എന്നാല്‍ ‘ഗ്രാസ്‌റൂട്ട്’ എന്നാണ് അര്‍ത്ഥം. ഇതോടെ ഗ്രാസ്‌റൂട്ട് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ രാജ്യസഭയിലേക്ക് ഉടന്‍ തന്നെയെത്തിക്കും. അതിനുള്ള അവസരമായിരിക്കും ഇത്,’ സുകേന്ദു എസ്. റോയ് പറഞ്ഞു.

നേരത്തെ തൃണമൂല്‍ നേതാക്കളും സംസ്ഥാന മന്ത്രിമാരുമായിരുന്ന സുവേന്തു അധികാരി, ലക്ഷ്മി രത്തന്‍ ശുക്ല എന്നിവരും മറ്റു നേതാക്കളും രാജിവെച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായിരുന്നു. സുവേന്തു അധികാരിയടക്കമുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.

ബംഗാള്‍ തെരഞ്ഞെടുപ്പ് വരാനിരിക്കേ തൃണമൂലില്‍ നിന്നും നേതാക്കള്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേരുന്നത് മമതക്ക് തലവേദനയാകുകയാണ്. ഇതിനിടയില്‍ കൂടുതല്‍ തൃണമൂല്‍ അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായടക്കമുള്ളവര്‍ പറയുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Trinamool MP Dinesh Trivedi resigns from Rajya Sabha

We use cookies to give you the best possible experience. Learn more