കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയെ പുറത്താക്കി രണ്ടുമാസത്തിനിടെ ആറ് മുനിസിപ്പാലിറ്റികള്‍ പിടിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. തൃണമൂല്‍ എം.എല്‍.എ സബ്യസാചി ദത്ത ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഭരണകക്ഷിയായ തൃണമൂലിന് അപ്രതീക്ഷിത പ്രഹരമേറ്റത്.
ബി.ജെ.പിയില്‍ പ്രവേശിച്ച ഉടന്‍തന്നെ, തൃണമൂല്‍ അക്രമങ്ങളില്‍ സംഘര്‍ഷഭരിതമായ ബംഗാളിനെ ശാന്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബിദ്ധനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ദത്തയ്ക്ക് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ദിലിപ് ഘോഷാണ് ഷാ പങ്കെടുത്ത സെമിനാറില്‍ വെച്ച് പാര്‍ട്ടി പതാക കൈമാറിയത്.
‘രാജ്യവും രാജ്യത്തിന്റെ താത്പര്യങ്ങളും എന്റെയും പാര്‍ട്ടിയുടെയും താത്പര്യങ്ങളേക്കാള്‍ ഒരുപാട് വലുതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലാണ് ഇന്ത്യ പുതിയ ഉയരങ്ങള്‍ സ്വന്തമാക്കിയത്.’- ദത്ത പറഞ്ഞു.
ദത്തയുടെ പോക്കില്‍ ഒട്ടും ആശങ്കയില്ലെന്നായിരുന്നു തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദത്തയുമായി തൃണമൂലിനു ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടു പൂക്കളാണോ ഒരു താമരയാണോ ശക്തമെന്നൊന്നു പരിശോധിക്കുക- അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദത്ത ഏറെനാളായി തൃണമൂല്‍ നേതൃത്വവുമായി അസ്വാരസ്യത്തിലാണ്. ഈ വര്‍ഷം ജൂലൈയിലാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായത്.
ദത്തയുടെ കൂടി കൂറുമാറ്റത്തോടെ ബി.ജെ.പിയിലേക്കു ചേക്കേറിയ തൃണമൂല്‍ എം.എല്‍.എമാരുടെ എണ്ണം എട്ടായി. അതിനിടെ കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും രണ്ട് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടിരുന്നു.