പ്രതിഷേധങ്ങള്‍ക്കിടെ കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി തൃണമൂല്‍ ബന്ധമുള്ള സീനിയര്‍ ഡോക്ടര്‍; ഓഡിയോ പുറത്ത്
national news
പ്രതിഷേധങ്ങള്‍ക്കിടെ കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി തൃണമൂല്‍ ബന്ധമുള്ള സീനിയര്‍ ഡോക്ടര്‍; ഓഡിയോ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 12:14 pm

കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മരണത്തിലെ പ്രതിഷേധങ്ങള്‍ക്കിടെ ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളേജിലെ ഇന്റേണിനെ ഭീഷണിപ്പെടുത്തുന്ന സീനിയര്‍ ഡോക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. പശ്ചിമ ബംഗാളിലെ ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ റെസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് അനുയായിയുമായ ഡോ. ബിരുപക്ഷ ബിശ്വാസ് ജൂനിയര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചത്.

ബംഗാളിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ റെസിഡന്റ് ആയ ബിരുപക്ഷ ബിശ്വാസ് ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ക്കെതിരെ പാരാതി നല്‍കിയാല്‍ ജൂനിയര്‍ ഡോക്ടറുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും എന്ന് ഇന്റേണ്‍ ആയ ഡോക്ടറെ ഭീഷണിപ്പെടുത്തുന്നുണ്ട്. കൂടാതെ തന്നെക്കുറിച്ച് എല്ലാവര്‍ക്കും നന്നായി അറിയാമെന്നും അതിനാല്‍ തന്നെ ആരും തനിക്കെതിരെ പരാതി ഉന്നയിക്കാന്‍ ധൈര്യം കാണിക്കിറില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം ഡോക്ടറുടെ കൊലപാതകത്തിന് മുമ്പ് തന്നെ ഈ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും നിലവിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ അത് വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു.

എന്നാല്‍ ഇത് തന്റെ ശബ്ദമല്ലെന്ന് വ്യക്തമാക്കിയ ബിശ്വാസ് താന്‍ കോളേജിലെ ഒരു കുട്ടിയേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തനിക്ക് തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ളതിനാല്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ തന്നെ കരിവാരി തേക്കാന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക്കുകയാണെന്നും പറഞ്ഞു.

‘ബിരുപക്ഷ ബിശ്വാസ് രാഷ്ട്രീയപരമായി വളരെ ശക്തനും നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിയിലെ എം.എല്‍.എ ആയ സുദീപ്‌തോ റോയിയുടെ അടുത്ത അനുയായിയുമാണ്. ഇയാള്‍ സ്ഥലമാറ്റം, പോസ്റ്റിംങ് എന്നിവയ്ക്കായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ അവരുടെ രജിസ്‌ട്രേഷന്‍ റദ്ധാക്കുകയും ചെയ്യും,’ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ ഒരംഗത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബിശ്വാസിന്റെ ഫോണ്‍കോള്‍ കണ്ടപ്പോള്‍ താന്‍ അശ്ചര്യപ്പെട്ടെന്നും എന്നാല്‍ താന്‍ ഒരു ഡോക്ടര്‍ക്കതിരേയും പരാതി നല്‍കിയിട്ടില്ലെന്നും ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു.

ബിശ്വാസ് ശര്‍മ്മയെ ഡോക്ടറുടെ കൊലപാതകത്തിന് ശേഷം പൊലീസുകാരോടൊപ്പം ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ കണ്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം ഓഗസ്റ്റ് ഒമ്പതിന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് അന്നത്തെ ദിവസം ആശുപത്രിയില്‍ നിന്ന് ലഭിച്ച ഫോണ്‍കോളുകളുടെ ശബ്ദശകലങ്ങളും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവ ദിവസം രാവിലെ ആശുപത്രിയിലെ അസിസ്റ്റ്ന്റ് സൂപ്രണ്ട് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ നിങ്ങളുടെ മകള്‍ക്ക് അസുഖമായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരാമോയെന്നും ചോദിക്കുന്നുണ്ട്.

പിന്നീട് കൂടുതല്‍ വിവരങ്ങള്‍ക്കയി മാതാപിതാക്കള്‍ അന്വേഷിക്കുമ്പോള്‍ മകളുടെ നില ഗുരുതരമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ തനിക്ക് കഴിയില്ലെന്നും ഡോക്ടര്‍മാര്‍ക്ക് മാത്രമെ അതിന് സാധിക്കൂ എന്നും പറയുന്നുണ്ട്.

പിന്നീട് ഇതേ നമ്പറില്‍ നിന്ന് മൂന്ന് തവണ വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് ഫോണ്‍ വരുന്നുണ്ട്. എന്നാല്‍ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുറ്റകൃത്യം മറച്ച് വെക്കാന്‍ ശ്രമിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്.

Content Highlight: Trinamool-linked senior doctor threatens junior doctor in Kolkata; Audio out