| Tuesday, 11th July 2023, 12:35 pm

ബംഗാളില്‍ തൃണമൂല്‍ ബഹുദൂരം മുന്നില്‍; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കണക്കുകള്‍ അനുസരിച്ച് തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍ നില്‍ക്കുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് ടി.എം.സി 12,518 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലും ബി.ജെ.പി 2781 സീറ്റുകളിലും മുന്നില്‍ നില്‍ക്കുന്നു. 910 സീറ്റുകളില്‍ സി.പി.ഐ.എമ്മും 625 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

73,887 സീറ്റുകളിലായി 2.06 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 5.67 കോടിയാളുകളാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാളില്‍ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമമുണ്ടായിരുന്നു.

പോളിങ് ഷീറ്റുകള്‍ കത്തിക്കുകയും ചില സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുന്ന സാഹചര്യങ്ങള്‍ പോലുമുണ്ടായി. തുടര്‍ന്ന് തിങ്കളാഴ്ച 19 ജില്ലകളിലെ 696 പോളിങ് ബൂത്തുകളില്‍ റീപോളിങ് നടത്തുകയായിരുന്നു.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംഘര്‍ഷാവസ്ഥയായിരുന്നു. അക്രമത്തില്‍ ആകെ 37 പേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ദിവസമായ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടത് 18 പേരാണ്.

ഏറ്റവും കൂടുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുള്ളത് സൗത്ത് 24 പാരഗണ്‍സിലും (28 കേന്ദ്രങ്ങള്‍) ഏറ്റവും കുറവ് കലിംപോങിലുമാണ് (4).

അതേസമയം വോട്ടെണ്ണല്‍ രണ്ട് ദിവസം കൂടി തുടരേണ്ടിവരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടുണ്ട്.

‘എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അടുത്ത രണ്ട് ദിവസങ്ങളിലും വോട്ടെണ്ണല്‍ തുടരുമെന്നാണ് കരുതുന്നത്. ബാലറ്റുകള്‍ എണ്ണി ഫലം ക്രോഡീകരിക്കാന്‍ സമയമെടുക്കും. ഇന്ന് വൈകുന്നേരമാകുമ്പോഴേക്കും ഒരു സൂചന ലഭിക്കുമെന്നാണ് കരുതുന്നത്,’ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

എല്ലാ വോട്ടെണ്ണല്‍ കേന്ദ്രത്തിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

അതേസമയം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ്‌ബോസ് സൗത്ത് 24 പര്‍ഗണാസിലെ വോട്ടെണ്ണല്‍ കേന്ദ്രം ഇന്ന് സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുമ്പില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ഒത്തുച്ചേര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ തടയുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

CONTENT HIGHLIGHTS: Trinamool leading by far in Bengal; Counting is in progress

We use cookies to give you the best possible experience. Learn more