| Friday, 7th April 2023, 2:33 pm

തൃണമൂല്‍ നേതാവിനെയും ഭര്‍ത്താവിനെയും മകളെയും വെട്ടി കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും മകളുമടക്കം മൂന്ന് പേരെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. കുച്ച് ബിഹാര്‍ ജില്ലയിലെ പഞ്ചായത്തംഗമായ നീലിമ ബര്‍മ്മന്‍(52) ഭര്‍ത്താവ് ബിമല്‍ കുമാര്‍ ബര്‍മ്മന്‍(68) മകള്‍ രുണ ബര്‍മ്മന്‍(24) എന്നിവരെയാണ് മൂന്നംഗ അക്രമി സംഘം വെള്ളിയാഴ്ച്ച രാവിലെയോടെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ വിഭൂതി ഭൂഷണ്‍ റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. വീട്ടുകാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഭൂതി ഭൂഷണെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

‘ഇന്ന് രാവിലെ 4.40ഓടെ വിഭൂതി ഭൂഷണ്‍ റോയിയും രണ്ട് കൂട്ടാളികളും തൃണമൂല്‍ നേതാവിന്റെ വീട് കുത്തിത്തുറന്ന് ദമ്പതികളെയും മക്കളെയും മൂര്‍ച്ചയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ സബ്ഡിവിഷണല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. മക്കളെ രണ്ട് പേരെയും കുച്ച് ബിഹാറിലെ എം.ജെ.എന്‍ ഹോസ്പിറ്റലിലെത്തിക്കുകയും ചെയ്തു.

ഇവിടെ വെച്ചാണ് മൂത്ത മകള്‍ മരിക്കുന്നത്. രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രധാന പ്രതിയായ വിഭൂതി ഭൂഷണെ നാട്ടുകാരാണ് പിടികൂടിയത്. ഇയാള്‍ മര്‍ദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,’ പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നുമാണ് കരുതുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നാദിയ ജില്ലയിലെ പഞ്ചായത്ത് അംഗമായ തൃണമൂല്‍ നേതാവിനെ മാര്‍ക്കറ്റില്‍ പോവുന്നതിനിടെ അക്രമി സംഘം വെടിവെച്ച് കൊന്നിരുന്നു.

Content Highlight: trinamool leader murdered in bangal

We use cookies to give you the best possible experience. Learn more