[]കൊല്‍ക്കത്ത: 2014ലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും രഹസ്യധാരണയിലെത്തുന്നുവെന്ന് സി.പി.ഐ.എമ്മിലെ മുതിര്‍ന്ന നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ.
സംസ്ഥാനത്തെ നീതിയും നിയമവും അധ:പതിച്ചു. സ്ത്രീകള്‍ തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനും ഇരകളാകുന്നുവെന്നും പണവും മസില്‍ പവറും ഉപയോഗിച്ച് സര്‍ക്കാര്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൂഗ്ലി ജില്ലയില്‍ വച്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ രഹസ്യ ധാരണയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച ബംഗാളില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും എന്നാല്‍ തങ്ങള്‍ അതിന് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പണമൊഴുക്കുന്നത് നിര്‍ത്തി സംസ്ഥാനത്തിന്റെ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബുദ്ധദേബ് പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായ ശാരദ ചിട്ടി കുംഭകോണക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.