സന്ദേശ്ഖാലി കേസില്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ വ്യാജരേഖ ചമച്ചു; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി തൃണമൂല്‍
national news
സന്ദേശ്ഖാലി കേസില്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ വ്യാജരേഖ ചമച്ചു; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 9:41 pm

കൊല്‍ക്കത്ത: ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സന്ദേശ്ഖാലിയിലെ സ്ത്രീകളെ ചൂഷണം ചെയ്തുകൊണ്ട് രേഖ ശര്‍മ വ്യാജരേഖ ചമച്ചുവെന്നാണ് പരാതി. വഞ്ചന, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും രേഖ ശര്‍മ ചെയ്തുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.

വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ ഒരു ബി.ജെ.പി നേതാവിനെതിരെയും ടി.എം.സി പരാതി നല്‍കിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളും എന്‍.സി.ഡബ്ല്യു അംഗങ്ങളും ചേര്‍ന്ന് സന്ദേശ്ഖാലി വിഷയത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ടി.എം.സി ആവശ്യപ്പെട്ടു.

നിരപരാധികളായ സ്ത്രീകളെ ഭീഷണിപ്പെടുത്തികൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്മീഷന്‍ അംഗങ്ങളും ബി.ജെ.പിയും ശ്രമിച്ചുവെന്ന് ടി.എം.സി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സന്ദേശ്ഖാലിയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ അഭിമുഖം തൃണമൂല്‍ കോണ്‍ഗ്രസ് ദിവസങ്ങള്‍ക്ക് മുമ്പ് എക്സില്‍ പങ്കുവെച്ചിരുന്നു.

അതേസമയം സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ വനിത കമ്മീഷന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് ആവശ്യപ്പെട്ടത് ചര്‍ച്ചാവിഷയമായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബംഗാളിലെ നോര്‍ത്ത് പര്‍ഗ്നസ് ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പീഡനക്കേസ് യുവതി പിന്‍വലിക്കുന്നത്. മൂന്ന് യുവതികളായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. അതിലൊരാളാണ് പരാതി പിന്‍വലിച്ചത്.

താന്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ തന്നോട് വെള്ള പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. പരാതി പിന്‍വലിച്ചതിന് ശേഷം തനിക്ക് നേരെ ഒരുപാട് ഭീഷണികള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി സന്ദേശ്ഖാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Content Highlight: TMC has filed a complaint with the EC against the Chairperson of the National Commission for Women