| Wednesday, 2nd September 2020, 5:06 pm

കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പിലും ഫേസ്ബുക്കിന്റെ ബി.ജെ.പി ചായ്‌വ് വ്യക്തം; മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് കത്തയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്ക് ബി.ജെ.പിയോട് പക്ഷപാത പരമായിട്ട് പെരുമാറിയെന്നാരോപിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് കത്തയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പിയോടുള്ള ഫേസ്ബുക്കിന്റെ പക്ഷപാതപരമായ നിലപാട് സാധൂകരിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രോയോണ്‍ കത്തില്‍ പറയുന്നു.

2014 ലെയും 2019ലെയും പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയവുമായി ബന്ധപ്പെട്ട ഫേസ്ബുക്കിന്റെ ആശങ്കയും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവെക്കുന്നു.

‘ഞങ്ങള്‍, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന് 2014ലെയും 2019ലെയും പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ പങ്കില്‍ കടുത്ത ആശങ്കയുണ്ട്,’ ഡെറിക് ഒബ്രിയോണ്‍ കത്തില്‍ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇവിടുത്തെ ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തത് ബി.ജെ.പിയും ഫേസ്ബുക്കുമായുള്ള ബന്ധം തെളിയിക്കുന്നതാണ്. മുതിര്‍ന്ന ഫേസ്ബുക്ക് മാനേജ്‌മെന്റിന്റെ ആഭ്യന്തര മെമോകള്‍ ഉള്‍പ്പെടെ പക്ഷപാതപരമായ നിലപാട് തെളിയിക്കാന്‍ ആവശ്യത്തിന് കാര്യങ്ങള്‍ പൊതു മധ്യത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനം ഈ വിഷയം പാര്‍ട്ടി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ലമെന്റില്‍ ഒരു വര്‍ഷം മുമ്പ് ഉന്നയിച്ച വിഷയങ്ങള്‍ ഈ വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും സഹായിക്കുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു,’ ഒബ്രിയോണ്‍ കത്തില്‍ പറയുന്നു.

അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സിയിലും വാള്‍ സ്ട്രീറ്റ് ജേര്‍ണലിലും റോയ്‌ട്ടേഴ്‌സിലും ടൈം മാഗസിനിലും മറ്റും വന്ന ലേഖനങ്ങള്‍ നിങ്ങളുടെ ചായ്‌വ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഫേസ്ബുക്ക് ഇന്ത്യ ബി.ജെ.പി നേതാക്കളുടെ പോസ്റ്റുകള്‍ പിന്‍വലിക്കുന്നെന്നും ഇന്ത്യയിലെ കമ്പനി മേധാവികളും ജീവനക്കാരും രാഷ്ട്രീയപരമായ പക്ഷപാതിത്വം കാണിക്കുന്നെന്നും ആരോപിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ ബര്‍ഗിന് കത്തയച്ചിരുന്നു.

ഫേസ്ബുക്ക് ഇന്ത്യ എം.ഡി മുതല്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ പ്രത്യേക രാഷട്രീയ ചായ്വുള്ളവരാണെന്നും ഇന്ത്യയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഫേസ്ബുക്കിനെ ഇപ്പോള്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദിന്റെ കത്തില്‍ പറയുന്നു.

ഫേസ്ബുക്ക് ഇന്ത്യ ബി.ജെപി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിപക്ഷ വിമര്‍ശനം ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെയും കത്ത്. ബി.ജെപിയോടുള്ള പക്ഷപാതത്തിനെതിരെ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കോണ്‍ഗ്ര കത്തയച്ചിരുന്നു.

വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നെന്ന വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അപകടകരമായ വിദ്വേഷ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ബി.ജെ.പി നേതാവ് ടി.രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.

ബി.ജെ.പിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അങ്കി ദാസ് ജീവനക്കാരോട് പറഞ്ഞതെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trinamool Congress writes letter to Mark Zukerberg on bias with BJP

We use cookies to give you the best possible experience. Learn more