| Thursday, 28th November 2019, 1:41 pm

ബി.ജെ.പി സംസ്ഥാനാധ്യക്ഷന്റെ സീറ്റിലും വിജയം കണ്ട് തൃണമൂല്‍; സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യത്തില്‍ ഗുണമുണ്ടാകുന്നത് ബി.ജെ.പിക്കെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി ബംഗാളിലെ ഖരഗ്പുര്‍ സദര്‍ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ദിലിപ് ഘോഷ് കഴിഞ്ഞതവണ 25,224 വോട്ടിനു വിജയിച്ച മണ്ഡലമാണ് തൃണമൂലിന്റെ പ്രദീപ് സര്‍ക്കാര്‍ 20,811 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന ഖരഗ്പുര്‍ കഴിഞ്ഞതവണ മാത്രമാണ് ബി.ജെ.പി പിടിച്ചെടുത്തത്. ദിലിപ് ഘോഷ് ലോക്‌സഭാംഗമായതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രേം ചന്ദ്ര ഝായെയാണു മത്സരിപ്പിച്ചത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം നിര്‍ത്തിയ ചിത്തരഞ്ജന്‍ മണ്ഡല്‍ മൂന്നാം സ്ഥാനത്തായി.

ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ തൃണമൂലിന്റെ വിജയം പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍, ഒരു മണ്ഡലത്തില്‍ അവര്‍ ലീഡ് ചെയ്യുന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ കാളിയഗഞ്ചാണ് തൃണമൂല്‍ വിജയിച്ച രണ്ടാമത്തെ മണ്ഡലം. സി.പി.ഐ.എം പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചത്. എന്നാല്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടിന്റെ വിജയം നേടുകയായിരുന്നു.

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിന് ബംഗാള്‍ നല്‍കിയ മറുപടിയാണ് തൃണമൂലിന്റെ വിജയമെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പ്രതികരിച്ചു.

കോണ്‍ഗ്രസും സി.പി.ഐ.എമ്മും പരസ്പരം ശക്തിപ്പെടുത്താന്‍ നോക്കുമ്പോള്‍ ഗുണം ലഭിക്കുന്നത് ബി.ജെ.പിക്കാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ വിജയം ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അധികാര ഗര്‍വ്വിനും ജനങ്ങളെ അപമാനിച്ചതിനും ബി.ജെ.പിക്കു കിട്ടിയ തിരിച്ചടിയാണ് ഇതെന്നും മമത പറഞ്ഞു.

കഴിഞ്ഞതവണ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയിത്ര വിജയിച്ച കരിംപുരാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം. ഇത്തവണയും തൃണമൂല്‍ ഇവിടം പിടിക്കാനൊരുങ്ങിക്കഴിഞ്ഞു. 23,586 വോട്ടിന്റെ ലീഡാണ് തൃണമൂലിന്റെ ബിമലേന്ദു സിങ് റോയിക്കുള്ളത്.

ഉത്തരാഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക മണ്ഡലമായ പിത്തോര്‍ഗഢില്‍ ബി.ജെ.പിയുടെ ചന്ദ്ര പന്താണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്. 2,500 വോട്ടിന്റെ ലീഡാണ് ബി.ജെ.പിക്കുള്ളത്.

സമാജ്‌വാദി പാര്‍ട്ടിയും ഇത്തവണ ഇവിടെ മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയുണ്ട്. മൂന്നുവട്ടം എം.എല്‍.എയായ ബി.ജെ.പി മുന്‍ മന്ത്രി പ്രകാശ് പന്തിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്കു കാര്യങ്ങളെത്തിച്ചത്. പ്രകാശ് പന്തിന്റെ ഭാര്യയാണ് ഇപ്പോഴത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്ര പന്ത്.

We use cookies to give you the best possible experience. Learn more