national news
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തരംഗം; 3,021 സീറ്റുകളില്‍ സി.പി.ഐ.എം; മൂന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 12, 01:54 pm
Wednesday, 12th July 2023, 7:24 pm

കൊല്‍ക്കത്ത: വ്യാപകമായ അക്രമ സംഭവങ്ങള്‍ക്കിടയിലും പശ്ചിമ ബംഗാളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ്. 42,097 വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചു. ജില്ല പരിഷത്തുകളും പഞ്ചായത്ത് സമിതികളും തൃണമൂല്‍ തൂത്തുവാരി.

9,223 സീറ്റുകളില്‍ ബി.ജെ.പിയും 3,021 സീറ്റുകളില്‍ സി.പി.ഐ.എമ്മും 2,430 സീറ്റുകളില്‍ കോണ്‍ഗ്രസും ജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ 63,229 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണല്‍ ദിനത്തില്‍ സൗത്ത് 24 പര്‍ഗാനയിലെ ഭങ്കോറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഐ.എസ്.എഫ് പ്രവര്‍ത്തകരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്.

അഡീഷണല്‍ എസ്.പിക്കും സുരക്ഷാ ഉദ്യോഗസ്ഥനും സംഘര്‍ഷത്തില്‍ വെടിയേറ്റു. ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ഭങ്കോറില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. നന്ദിഗ്രാമിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.

അതേസമയം, പ്രതിപക്ഷമായ ബി.ജെ.പി സംസ്ഥാനത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ശ്രമിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ‘അവര്‍ക്ക് വേണ്ടിയിരുന്നത് ജനങ്ങളുടെ ചോരയാണ്. സംസ്ഥാനത്തെ ജനാധിപത്യത്തെയും ജനങ്ങളെയും ഒരുപോലെ കശാപ്പ് ചെയ്യാനാണ് ബി.ജെ.പി ശ്രമിച്ചത്.

മമതാ ബാനര്‍ജി നയിക്കുന്ന സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ജനങ്ങളുടെ വോട്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രെയ്‌ലറാണിത്.

പശ്ചിമ ബംഗാളില്‍ 42 ലോക്‌സഭ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ജയിക്കും. തെരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പാര്‍ട്ടി പങ്കുചേരുകയാണ്,’ കുനാല്‍ പറഞ്ഞു.

അതേസമയം, സംഘര്‍ഷങ്ങളെ അപലപിച്ച കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി തെരഞ്ഞെടുപ്പ് പ്രഹസനമായി മാറിയെന്ന് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ പരിശോധിക്കാന്‍ ബി.ജെ.പി നിയോഗിച്ച രവിശങ്കര്‍ പ്രസാദ് അധ്യക്ഷനായ വസ്തുതാന്വേഷണ സമിതി ബംഗാളില്‍ തെളിവെടുപ്പ് നടത്തി.

Content Highlights: trinamool congress win panchayat election in big margin