ന്യൂദല്‍ഹി: സസ്‌പെന്‍ഷനിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഭ്രാംഗ്ഷു അടക്കമുള്ള എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ ബി.ജെ.പി നേതാവും സുഭ്രാംഗ്ഷുവിന്റെ പിതാവുമായ മുകുള്‍റോയ് എം.എല്‍.എമാരെയും കൊണ്ട് ദല്‍ഹിയിലേക്ക് യാത്ര തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എം.എല്‍.എമാരായ ഷില്‍ഭദ്ര ദത്ത, സുനില്‍ സിംഗ് എന്നിവരാണ് സുഭ്രാംഗ്ഷുവിനൊപ്പം പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നത്. മൂവരും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
പാര്‍ട്ടി വിരുദ്ധ പ്രസ്താനകള്‍ നടത്തിയതിന്റെ പേരില്‍ ആറ് വര്‍ഷത്തേക്കാണ് സുഭ്രാംഗ്ഷുവിനെ തൃണമൂലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയില്‍ അംഗങ്ങള്‍ അസംതൃപ്തരാണെന്നും എം.എല്‍.എമാരടക്കമുള്ളവര്‍ തനിക്കൊപ്പം പുറത്തുവരുമെന്നും സുഭ്രാംഗ്ഷു പറഞ്ഞിരുന്നു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ ബിജ്പൂരില്‍ നിന്നുള്ള എം.എല്‍.എയാണ് സുഭ്രാംഗ്ഷു.
2017 ലാണ് മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേരുന്നത്. തൃണമൂലില്‍ മമതാ ബാനര്‍ജിയ്ക്ക് താഴെ രണ്ടാമതായിരുന്നു മുകുള്‍ റോയിയുടെ സ്ഥാനം. ബംഗാളില്‍ ബി.ജെ.പി ഇത്തവണ മികച്ച പ്രകടനം നടത്തിയത് മുകുള്‍ റോയിയുടെ നേതൃത്വത്തിലായിരുന്നു.