| Wednesday, 30th November 2022, 11:45 am

വിദേശികളെ വെച്ചുള്ള ബി.ജെ.പി പ്രചരണം; പരാതി നല്‍കിയിട്ടും നടപടിയില്ല; സുപ്രീംകോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിദേശ പൗരന്‍മാരെ ഇറക്കിയ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ. ട്വിറ്ററിലൂടെയായിരുന്നു ഗോഖലെയുടെ പ്രതികരണം.

ഡിസംബര്‍ ഒന്നിന് ഗുജറാത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗോഖലെയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും ഇനിയും നടപടിയൊന്നുമുണ്ടാകാതിരുന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സാകേത് ഗോഖലെ പറയുന്നു.

”ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ബി.ജെ.പി വിദേശികളെ ഇറക്കിയതില്‍ ഞാന്‍ ഒരാഴ്ച മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

നാളെ തെരഞ്ഞെടുപ്പ് ആരംഭിക്കുകയാണ്.

അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്തയച്ചിട്ടുണ്ട്. അത് നടന്നില്ലെങ്കില്‍ എനിക്ക് ബഹുമാനപ്പെട്ട സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും,” സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ പ്രചരണത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

വിദേശികളെ രംഗത്തിറക്കിയ പ്രചരണം 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വിസ നിയമത്തിന്റെയും ലംഘനമാണെന്നെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പി പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിന് സമാനമാണെന്നും തെരഞ്ഞടുപ്പിലെ വിദേശ ഇടപെടല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും ഗോഖലെ കത്തില്‍ പറഞ്ഞു.

വിദേശികള്‍ പ്രചരണം നടത്തുന്നതിന്റെ വീഡിയോ ബി.ജെ.പി ഗുജറാത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

‘നിങ്ങള്‍ക്ക് മഹാനായ നേതാവുണ്ട്. നിങ്ങളുടെ നേതാവില്‍ വിശ്വസിക്കുക’ എന്ന വിദേശികളുടെ വാക്ക് അടിക്കുറിപ്പായി നല്‍കിക്കൊണ്ടാണ് ബി.ജെ.പി വീഡിയോ പ്രചരിപ്പിച്ചത്.

അതേസമയം, ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍.

27 വര്‍ഷമായി സംസ്ഥാനത്തെ ഭരണം കയ്യാളുന്ന ബി.ജെ.പിക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ ഒരു അനായാസ ജയം ഇപ്രാവശ്യമുണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളടക്കം നിരവധി മേഖലകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒപ്പം ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികളുമായി കടന്നുവന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുണ്ട്. കോണ്‍ഗ്രസും താരതമ്യേനെ മികച്ച പ്രചാരണമാണ് നടത്തുന്നത്.

Content Highlight: Trinamool Congress spokeperson to approach Supreme Court since there is no action against BJPfor using foreigners for campaigning in Gujarat

We use cookies to give you the best possible experience. Learn more