കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്പതിക്ക് കത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുകേന്തു ശേഖറാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.
ഗവര്‍ണര്‍ ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ നിന്നും പരാജയപ്പെട്ടുവെന്നും സുപ്രീം കോടതിയുടെ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
‘ഭരണഘടനയെ സംരക്ഷിച്ച് നിര്‍ത്തുന്നതിലും പ്രതിരോധിക്കുന്നതിലും ഗവര്‍ണര്‍ പരാജയപ്പെട്ടു. സുപ്രീംകോടതി പ്രഖ്യാപിച്ച നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയും ചെയ്തു.
സുകേന്ത് ശേഖര്‍ റായ്‌ക്കൊപ്പം തൃണമൂല്‍ നേതാക്കളായ സുദീപ് ബാന്ധോപാധ്യായ്, ഡെറിക് ഒബ്രിയാന്‍, കല്യാണ്‍ ബാനര്‍ജി, കകോലി ഘോഷ് ദാസ്റ്റിദാര്‍, എന്നിവരും ഗവര്‍ണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ ഓഫീസിലിരുന്ന് ഗവര്‍ണര്‍ ധന്‍കര്‍ ഭിന്നിപ്പിക്കില്‍ രാഷ്ട്രീയം നടപ്പാക്കുകയാണ്. കേന്ദ്രത്തില്‍ ഭരിക്കുന്നതും സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളും ബി.ജെ.പിയാണ് എന്ന ഒറ്റക്കാരണത്താലാണിത്.
ഗവര്‍ണറായി നിയമിതനാവുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ചുമതലകള്‍ നിറവേറ്റുമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നിഷ്പക്ഷമായി പെരുമാറുമെന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ പ്രതീക്ഷകള്‍ തെറ്റി,’ കത്തില്‍ വിശദീകരിക്കുന്നു.
മുന്‍ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായിരുന്ന സുവേന്തു അധികാരിയടക്കമുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ബി.ജെ.പി പിടിക്കുമെന്ന അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകളും രാഷ്ട്രീയ പോരിന് വഴിവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ബോല്‍ പൂരില്‍ അമിത് ഷായുടെ റാലിക്ക് പിന്നാലെ റോഡ്‌ഷോയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ടാഗോറിന്റെ ചിത്രം കയ്യില്‍ പിടിച്ചായിരുന്നു മമത റോഡ് ഷോ നടത്തിയത്.
ബി.ജെ.പി വിദ്വേഷം ഇറക്കുമതി ചെയ്ത് ബംഗാളിന്റെ നട്ടെല്ല് തകര്‍ക്കാന്‍ പദ്ധതിയിടുകയാണെന്ന് മമത ബാനര്‍ജി റോഡ്ഷോയില്‍ പറഞ്ഞിരുന്നു.
ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗാളിനെ രാഷ്ട്രീയമായി പിടിച്ചെടുക്കാന്‍ വന്ന പുറത്തു നിന്നുള്ളവരെപ്പോലെയല്ല അനുദിനം ടാഗോറിനെ ഓര്‍ക്കുന്നവരാണ് തങ്ങളെന്നും അവര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trinamool Congress sent letter to President seeking resignation of Bengal Governor