| Monday, 19th July 2021, 11:10 am

സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റിലേക്ക്; ഇന്ധനവില വര്‍ധനവിനെതിരെ തൃണമൂല്‍ എം.പിമാരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ച് തൃണമൂല്‍ എം.പിമാര്‍. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്ന ആദ്യ ദിവസം സൈക്കിള്‍ ചവിട്ടിയാണ് എം.പിമാര്‍ പാര്‍ലമെന്റിലേക്കെത്തിയത്.

പ്രതിഷേധ സൂചകമായി പ്ലക്കാര്‍ഡുകള്‍ വെച്ചുകൊണ്ടാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ എത്തിയത്.

പാര്‍ലമെന്റിനകത്ത് ഇന്ധനവില വര്‍ധനവ്, സ്റ്റാന്‍ സ്വാമി വിഷയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.

കര്‍ഷകസമരവും ഇന്ധനവില വര്‍ധനയും പാര്‍ലമെന്റില്‍ ഉന്നയിച്ച് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പെഗാസസ് ആയുധമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പെഗാസസ് വഴി രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

ബിനോയ് വിശ്വം എം.പിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രനും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ഫോണുകളും ചോര്‍ത്തിയതായാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Trinamool Congress MPs cycle to Parliament to protest fuel price hike

We use cookies to give you the best possible experience. Learn more