കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച സുവേന്തു അധികാരിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ എം.പി കല്ല്യാണ്‍ ബാനര്‍ജി. രാജ്യത്തെ കൊള്ളയടിക്കുന്ന പാര്‍ട്ടിയിലേക്കാണ് സുവേന്തുവിന്റെ ചുവടുമാറ്റമെന്നാണ് അദ്ദേഹം പറഞ്ഞത്.
മറ്റ് പാര്‍ട്ടികളിലെ രാഷ്ട്രീയ കുടുംബവാഴ്ചയെപ്പറ്റി അമിത് ഷാ വിമര്‍ശനം നടത്താറുണ്ട്. ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, സുവേന്തു അധികാരി രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തില്‍ നിന്നാണെന്ന കാര്യം മറന്നുപോയോ? ബി.സി.സി.ഐയിലെ ഉന്നത സ്ഥാനത്താണ് ഷാ യുടെ മകന്‍. അതാരുടെ സ്വാധീനത്തിന്റെ ഫലമാണ്? രാജ്യത്തെ കൊള്ളയടിക്കുന്ന പാര്‍ട്ടിയിലാണ് സുവേന്തു ചേര്‍ന്നത്. അദ്ദേഹത്തിന്റെ സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിക്കുകയാണ്. ഇതെല്ലാം എങ്ങനെയാണെന്ന് നിങ്ങള്‍ വ്യക്തമാക്കണം, കല്യാണ്‍ പറഞ്ഞു.
അമിത് ഷാ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ബി.ജെ.പിയില്‍ ചേരാന്‍ അവരോട് നുണകള്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം മമത ബാനര്‍ജി ആരംഭിച്ച പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഒരു പാര്‍ട്ടിയുടെയും പിന്തുണ അവര്‍ സ്വീകരിച്ചിട്ടില്ല. ആരുമായും സഖ്യത്തിലേര്‍പ്പെടാനും മമത ഇതുവരെ തയ്യാറായിട്ടുമില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീനം ഇല്ലാതാക്കാനാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്, കല്ല്യാണ്‍ പറഞ്ഞു.
അതേസമയം സുവേന്തു അധികാരിയോടൊപ്പം പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ നിന്നും അംഗത്വം സ്വീകരിച്ചത്. സുവേന്തു അധികാരികയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
പാര്‍ട്ടിവിടുന്നതിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സുവേന്തു അധികാരി കഴിഞ്ഞ ദിവസം അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ചീഞ്ഞളിഞ്ഞുകഴിഞ്ഞെന്നും അതിനുള്ളിലുള്ളവരുടെ മനസ്ഥിതി ശരിയല്ലെന്നുമാണ് കത്തില്‍ സുവേന്തു അധികാരി പറഞ്ഞിരിക്കുന്നത്.
‘പശ്ചിമ ബംഗാളും ടി.എം.സിയും ആരുടേയും സ്വന്തമല്ല. ഒരാളുടെ സംഭാവനകൊണ്ട് ഒരു ദിവസം ഉണ്ടായിവന്ന പാര്‍ട്ടിയുമല്ല അത്. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ആ പാര്‍ട്ടി കെട്ടിപ്പടുക്കപ്പെട്ടത്’, എന്നാണ് സുവേന്തു അധികാരി കത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം സുവേന്തു അധികാരിയുടെ നിയമസഭയില്‍ നിന്നുള്ള രാജി ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി നിരസിച്ചിരുന്നു. നടപടിക്രമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് രാജി നിരാകരിച്ചത്.
രാജി സ്വമനസ്സാലെയുളളതാണെന്ന് ബോധ്യപ്പെടുന്നത് വരെ ഇന്ത്യന്‍ ഭരണഘടനയുടെയും പശ്ചിമബംഗാള്‍ നിയമസഭയുടെ നടപടി നിയമക്രമങ്ങളുടെയും വെളിച്ചത്തില്‍ രാജി സ്വീകരിക്കാന്‍ തനിക്കാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
സുവേന്തു അധികാരി രാജിക്കത്ത് നേരിട്ട് തനിക്ക് കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അധികാരിയുടെ നിലപാട് അറിയുന്നതിന് വേണ്ടി തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.
പാര്‍ട്ടി അധ്യക്ഷനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബുധനാഴ്ച തന്നെ അധികാരി രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും മമതാ ബാനര്‍ജിക്കും കൈമാറിയ രാജിക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ അവസരങ്ങള്‍ക്ക് അധികാരി നന്ദി പറഞ്ഞിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാത്തവര്‍ പാര്‍ട്ടിവിടുകയാണെന്നായിരുന്നു അധികാരി പാര്‍ട്ടി വിട്ടതിനെ കുറിച്ച് മമത പ്രതികരിച്ചത്.
വ്യാഴാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ജിതേന്ദ്ര തിവാരി അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ തൃണമൂല്‍ പ്രസിഡന്റ് പദവിയും അദ്ദേഹം രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Trinamool Congress MP Slams Suvendhu Adhikari