ഇത്രക്ക് ദേഷ്യമോ മഹുവാ ജി, കുറച്ച് സ്‌നേഹത്തോടെ പറയൂവെന്ന് ചെയര്‍പേഴ്‌സണ്‍; സഭയിലെ മോറല്‍ സയന്‍സ് ടീച്ചറാവേണ്ടെന്ന് തിരിച്ചടിച്ച് മഹുവ മൊയ്ത്ര
national news
ഇത്രക്ക് ദേഷ്യമോ മഹുവാ ജി, കുറച്ച് സ്‌നേഹത്തോടെ പറയൂവെന്ന് ചെയര്‍പേഴ്‌സണ്‍; സഭയിലെ മോറല്‍ സയന്‍സ് ടീച്ചറാവേണ്ടെന്ന് തിരിച്ചടിച്ച് മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th February 2022, 10:45 am

ന്യൂദല്‍ഹി: തന്റെ പ്രസംഗം തടസപ്പെടുത്തിയ ലോക്‌സഭാ ചെയര്‍പേഴ്‌സണ്‍ രമാ ദേവിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ട്വിറ്റര്‍ പേജിലൂടെയായിരുന്നു മൊയ്ത്ര തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് നടത്തിയ അഭിസംബോധനാ പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ മൊയ്ത്ര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴായിരുന്നു ചെയര്‍ രമാ ദേവി ഇടപെട്ടത്. ഇതാണ് മൊയ്ത്രയെ ചൊടിപ്പിച്ചത്.

സര്‍ക്കാരിനോടുള്ള കോപത്തോടെ പ്രസംഗിച്ച മൊയ്ത്രയോട് ‘ദേഷ്യം അടക്കി ശാന്തമാവാനും കുറച്ചുകൂടെ സ്‌നേഹത്തോടെ പെരുമാറാനും’ ആയിരുന്നു രമാ ദേവി ആവശ്യപ്പെട്ടത്. ഇതുകാരണം തന്റെ പ്രസംഗം തടസപ്പെട്ടുവെന്നാണ് മൊയ്ത്ര പറയുന്നത്.

അംഗങ്ങള്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും സംസാരിച്ചാല്‍ അത് തിരുത്താന്‍ മാത്രമുള്ള അവകാശമേ ചെയര്‍പേഴ്‌സണുള്ളൂ എന്നും മോറല്‍ സയന്‍സ് ടീച്ചറാവുക എന്നത് ഇവരുടെ ഡ്യൂട്ടിയല്ല എന്നുമായിരുന്നു മൊയ്ത്ര ട്വീറ്റിലൂടെ നല്‍കിയ മറുപടി.

”എന്നെ തടസപ്പെടുത്താന്‍ (എന്റെ വിലയേറിയ സമയം കവര്‍ന്നെടുത്തത്), ഞാന്‍ ദേഷ്യത്തില്‍ സംസാരിക്കണോ അതോ സ്‌നേഹത്തോടെ സംസാരിക്കണോ എന്ന് എന്നെ പഠിപ്പിക്കാന്‍ ചെയര്‍ ആരാണ്.

ഇത് നിങ്ങളെ സംബന്ധിക്കുന്ന കാര്യമല്ല (None of your business Madam). നിയമം സംബന്ധിച്ച് മാത്രം നിങ്ങളെന്നെ തിരുത്തിയാല്‍ മതി. ലോക്‌സഭയിലെ മോറല്‍ സയന്‍സ് ടീച്ചറല്ല നിങ്ങള്‍,” മൊയ്ത്ര ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ, റിപബ്ലിക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനെതിരെ തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര ലോക്‌സഭയില്‍ സംസാരിച്ചിരുന്നു.

എന്‍.ഡി.എ സര്‍ക്കാരിന് വര്‍ത്തമാന കാലത്തോട് അവിശ്വാസവും ഭാവിയോട് ഭയവുമാണുള്ളത് എന്ന് പറഞ്ഞ മൊയ്ത്ര, എഴുതിക്കിട്ടിയത് വായിക്കുന്ന ജോലി മാത്രമാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് സഭയില്‍ ചെയ്യുന്നത് എന്ന തരത്തിലും പരാമര്‍ശം നടത്തി.

”ഈ സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് ഭാവിയെക്കുറിച്ച് ഭയവും വര്‍ത്തമാന കാലത്തോട് അവിശ്വാസവുമാണ്.

നേരത്തെ അഭിസംബോധനാ പ്രസംഗത്തില്‍, ഇന്ത്യക്ക് അവകാശങ്ങള്‍ നേടിത്തന്ന സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചു. എന്നാല്‍ ഇത് ഇദ്ദേഹത്തിന്റെ വെറും ലിപ് സര്‍വീസ് മാത്രമാണ്,” മൊയ്ത്ര കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ട സമയമായെന്നും എം.പി പറഞ്ഞിരുന്നു.

റിപബ്ലിക് ദിന പരേഡില്‍, സുഭാഷ് ചന്ദ്രബോസ് അടങ്ങിയ പശ്ചിമ ബംഗാളിന്റെ ടാബ്ലോ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെതിരെയും തന്റെ പ്രസംഗത്തില്‍ മൊയ്ത്ര ആഞ്ഞടിച്ചു. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണ് സ്വാതന്ത്ര്യസമര പോരാളി എന്നതാണ് സര്‍ക്കാരിന്റെ പുതിയ കണ്ടുപിടിത്തം എന്നായിരുന്നു ഇവര്‍ സഭയില്‍ പറഞ്ഞത്.

ബംഗാളും തമിഴ്‌നാടും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് മാനദണ്ഡപ്രകാരം സെലക്ഷന്‍ നടത്തിയതുകൊണ്ടാണ്, എന്നായിരുന്നു നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതിനെ ന്യായീകരിച്ചിരുന്നത്.


Content Highlight: Trinamool Congress MP Mahua Moitra slams LokSabha Chair Rama Devi for cutting her fiery speech