തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശീര്‍വാദം ഇല്ലായിരുന്നെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കില്ലായിരുന്നു: കല്യാണ്‍ ബാനര്‍ജി
national news
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശീര്‍വാദം ഇല്ലായിരുന്നെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കില്ലായിരുന്നു: കല്യാണ്‍ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2024, 3:49 pm

ന്യൂദല്‍ഹി: പതിനെട്ടാം ലോക്‌സഭയില്‍ ബി.ജെ.പി സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശീര്‍വാദം ഇല്ലായിരുന്നെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കില്ലായിരുന്നുവെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും തൃണമൂല്‍ എം.പി ചോദിച്ചു.

‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റുകള്‍ നേടുമെന്ന് വാദിച്ചു. തുടര്‍ന്ന് ഗെയിം ആരംഭിക്കുകയും ചെയ്തു. ഇത്തവണ ബി.ജെ.പിക്ക് ഒരുപാട് ഗെയിമുകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് ചൂ-കിറ്റ് കിറ്റ് ആണ്. പക്ഷെ ഈ ഗെയിമില്‍ 400ല്‍ നിന്ന് ബി.ജെ.പി 240 ലേക്ക് കൂപ്പുകുത്തി,’ എന്ന് ബി.ജെ.പി സര്‍ക്കാരിനെതിരെ കല്യാണ്‍ ബാനര്‍ജി ലോക്‌സഭയില്‍ പറഞ്ഞു.

മന്‍ കീ ബാത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മോദിക്ക് കഴിഞ്ഞില്ല. മോദിയുടെ ഗ്യാരന്റിക്ക് വാറന്റിയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ അസ്ഥിരമായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവുമാണ് ഉള്ളതെന്നും കല്യാണ്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി.

പ്രസംഗത്തിനിടെ സഹ എം.പിമാരെ നോക്കിയ കല്യാണ്‍ ബാനര്‍ജിയോട് സ്പീക്കറുടെ കസേരയിലേക്ക് നോക്കി സംസാരിക്കാന്‍ ഓം ബിര്‍ല നിര്‍ദേശം നല്‍കി. എന്നാല്‍ സ്പീക്കറുടെ നിര്‍ദേശത്തെ തൃണമൂല്‍ എം.പി പരിഹസിച്ചു.

‘ഞാന്‍ നിങ്ങളെ മാത്രമാണ് നോക്കുന്നത്. മറ്റാരെയും നോക്കുന്നില്ല. ഞാന്‍ ഒരു വശത്ത് മാത്രമായി നോക്കുന്നത് സാരമുള്ള കാര്യമല്ല. ഇവിടെ നിങ്ങളെക്കാള്‍ മിടുക്കന്മാരായി മറ്റാരുമില്ല. അപ്പോള്‍ പിന്നെ ഞാന്‍ എന്തിനാണ് മറ്റൊരാളെ നോക്കുന്നത്? പല മികച്ച നടിമാരും ഇവിടെ ഉണ്ട്. പക്ഷെ ഞാന്‍ നോക്കുന്നത് അര്‍ഹതയുള്ള നിങ്ങളെ മാത്രമാണ്,’ എന്നായിരുന്നു കല്യാണ്‍ ബാനര്‍ജി സ്പീക്കര്‍ ഓം ബിര്‍ലയെ പരിഹസിച്ചത്.

പതിനെട്ടാം ലോക്‌സഭയിലേക്ക് സ്പീക്കറെ ആനയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പില്‍ തലകുനിച്ചുനിന്ന ഓം ബിര്‍ലക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടപടികളിലെ ഇ.ഡി, സി.ബി.ഐ എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലുകളെയും തൃണമൂല്‍ എം.പി ചോദ്യം ചെയ്തു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ ഇത്തരത്തില്‍ സംസാരിക്കേണ്ടി വരില്ലായിരുന്നുവെന്നും കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.

കല്യാണ്‍ ബാനര്‍ജിയുടെ പ്രസംഗത്തിന് പിന്നാലെ ഭരണപക്ഷത്ത് ബഹളമുയര്‍ന്നു. തുടര്‍ന്ന് പ്രോടൈം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബുമായി ബാനര്‍ജി തര്‍ക്കത്തിലാകുകയും ചെയ്തു.

Content Highlight: Trinamool Congress MP Kalyan Banerjee criticizes BJP government and Election Commission in Lok Sabha