ന്യൂദല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ സ്വയം തിരുത്തണമെന്ന് ഉപദേശിച്ചായിരുന്നു അഭിഷേക് ബാനര്‍ജിയുടെ വിമര്‍ശനം. വിവാദ കാര്‍ഷിക ബിൽ അംഗീകരിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യാതെയാണെന്നും ടി.എം.സി എം.പി പറഞ്ഞു.
കാര്‍ഷിക ബിൽ രാജ്യത്തെ കര്‍ഷകരും കര്‍ഷക സംഘടനകളും പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെയാണ് നടപ്പിലാക്കിയതെന്നായിരുന്നു അഭിഷേക് ബാനര്‍ജി പറഞ്ഞത്. എന്നാല്‍ ടി.എം.സി എം.പിയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ സ്പീക്കര്‍, കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടന്നിരുന്നുവെന്ന് മറുപടി നല്‍കി.
തുടര്‍ന്ന്, തെറ്റായ കാര്യങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ എം.പിയോട്, താന്‍ സംസാരിക്കുന്ന വിഷയങ്ങളില്‍ തെറ്റുകള്‍ സംഭവിക്കാറില്ലെന്ന് ഓം ബിര്‍ള പറയുകയുണ്ടായി.
Abhishek Banerjee mentioned demonetisation in his speech.
Om Birla: 2016 is over. Talk about this budget
Abhishek Banerjee: You were silent when BJP talk about Nehru and Emergency.
Savage 😂😂 pic.twitter.com/XWqb0rBsD6
— Nimo Tai (@Cryptic_Miind) July 24, 2024
അതേസമയം കേന്ദ്ര ബജറ്റിനെതിരെയും അഭിഷേക് ബാനര്‍ജി രൂക്ഷമായി പ്രതികരിച്ചു. രാജ്യത്തെ 140 കോടി ജനങ്ങളെ തൃപ്തിപ്പെടുത്താനല്ല, സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്നും അഭിഷേക് പറഞ്ഞു. ഒരു പൊട്ടിത്തെറി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാമതും ഭരണത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജനവിരുദ്ധമാണെന്നും ബാനര്‍ജി പറഞ്ഞു. ബജറ്റിനെ കുറിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അഭിഷേക് ബാനര്‍ജി പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി മുന്നോട്ടുവെച്ച പദ്ധതികള്‍ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം.
എന്നാല്‍ 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന ധവളപത്രം പുറത്തിറക്കാന്‍ നിര്‍മല സീതാരാമന്‍ അഭിഷേക് ബാനര്‍ജി വെല്ലുവിളിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച ബംഗാളിലെ ലക്ഷക്കണക്കിന് വീടുകള്‍ കേന്ദ്ര ഫണ്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റ് അവതരണത്തിന് പിന്നാലെ പ്രളയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ ഫണ്ടുകളില്‍ നിന്ന്ബംഗാളിനെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുകയാണെന്ന് ടി.എം.സിയുടെ രാജ്യസഭാ എം.പി സാകേത് ഗോഖലെ പറഞ്ഞിരുന്നു.
കേന്ദ്ര ബജറ്റ് ‘കുര്‍സി ബച്ചാവോ ബജറ്റ്’ (കസേര സംരക്ഷിക്കാനുള്ള ബജറ്റ്) ആണെന്നായിരുന്നു ലോക്‌സഭാ എം.പി കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് ബജറ്റ് അഭ്യാസമാണെന്നും ബംഗാളിന് 1.6 ലക്ഷം കോടി രൂപ കേന്ദ്ര ഫണ്ട് ലഭിക്കാനുണ്ടെന്നും ടി.എം.സി രാജ്യസഭാ എം.പിയായ സുസ്മിത ദേവും പറഞ്ഞിരുന്നു.
Content Highlight: Trinamool Congress MP Abhishek Banerjee criticizes Lok Sabha Speaker Om Birla