ഞാന്‍ മുസ്‌ലീമാണ്; വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്നും നുസ്രത്ത് ജഹാന്‍
കൊല്‍ക്കത്ത: വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത്ത് ജഹാന്‍. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു എം.പിയുടെ പ്രതികരണം.
കൊല്‍ക്കത്തയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ സംഘടിപ്പിച്ച രഥയാത്രയുടെ ഫ്‌ളാഗ് ഓഫിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം എത്തിയതായിരുന്നു നുസ്രത് ജഹാന്‍.
പാര്‍ലമെന്റില്‍ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിന് പിന്നാലെ നുസ്രത്ത് ജഹാനെതിരെ ഒരു വിഭാഗം മതമൗലികവാദികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം.പി.
‘അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. എനിക്ക് എന്റെ മതം അറിയാം. ജന്മംകൊണ്ട് ഞാന്‍ ഒരു മുസ്‌ലീമാണ്, ഇപ്പോഴും ഒരു മുസ്‌ലീമാണ്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാവണം എന്നായിരുന്നു നുസ്രത്തിന്റെ മറുപടി.
അതേസമയം, നുസ്രത്ത് ജഹാന്‍ പുതിയ ഇന്ത്യയുടെ പ്രതിനിധിയാണ്. മറ്റുമതങ്ങളുടെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഇന്ത്യയെ കൂടുതല്‍ മികച്ചതാക്കുമെന്ന് രഥയാത്രയുടെ സംഘാടകര്‍ അഭിപ്രായപ്പെട്ടു.