ന്യൂദല്‍ഹി: 2024 കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ബജറ്റില്‍ പശ്ചിമ ബംഗാളിനെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ ബംഗാളിനോട് വിവേചനം കാണിക്കുകയാണെന്ന് ടി.എം.സിയുടെ രാജ്യസഭാ എം.പി സാകേത് ഗോഖലെ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ ഫണ്ടുകളില്‍ നിന്ന് ബംഗാളിനെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുകയാണെന്നും സാകേത് ഗോഖലെ പറയുകയുണ്ടായി. ബംഗാളിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം അവഗണിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പ്രതികാരം വീട്ടുകയാണ് കേന്ദ്ര സര്‍ക്കാരെന്നും സാകേത് ഗോഖലെ പറഞ്ഞു.
പശ്ചിമ ബംഗാള്‍ യൂണിയനിലേക്ക് വലിയ വരുമാനമാണ് നല്‍കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ബജറ്റില്‍ ബംഗാള്‍ നേരിടുന്നത് കടുത്ത അവഗണനയാണെന്നും സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റ് ഇന്ത്യക്ക് വേണ്ടിയുള്ളതല്ല, പകരം ബി.ജെ.പിക്കുള്ളതാണെന്നും ടി.എം.സി നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. ഇതൊരു ‘കുര്‍സി ബച്ചാവോ ബജറ്റ്’ (കസേര സംരക്ഷിക്കാനുള്ള ബജറ്റ്) ആണെന്നായിരുന്നു ടി.എം.സി എം.പി കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം. കേന്ദ്ര ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദവി സംരക്ഷിക്കാനുള്ള തന്ത്രമാണെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
‘കഴിഞ്ഞ ബജറ്റില്‍ ഒഡീഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് നിരവധി പദ്ധതികളാണ്. തുടര്‍ന്നുള്ള സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒഡീഷയില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ വിജയം കണ്ടതോടെ ഈ ബജറ്റില്‍ ഒഡിഷയ്ക്ക് കേന്ദ്രം ഒന്നും നല്‍കിയില്ല, കൂടെ ബംഗാളിനും ഒന്നുമില്ല,’ കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് ബജറ്റ് അഭ്യാസമാണെന്നും ബംഗാളിന് 1.6 ലക്ഷം കോടി രൂപ കേന്ദ്ര ഫണ്ട് ലഭിക്കാനുണ്ടെന്ന് ടി.എം.സി രാജ്യസഭാ എം.പിയായ സുസ്മിത ദേവ് പറഞ്ഞു. രാജ്യത്തെ ജനസംഖ്യ എത്രയാണെന്ന് അറിയാത്ത രാജാവാണ് പ്രധാനമന്ത്രി മോദിയെന്നും പിന്നെ എങ്ങനെയാണ് കേന്ദ്രം ബജറ്റ് തയ്യാറാക്കുന്നതെന്നും സുസ്മിത ദേവ് ചോദിച്ചു. 2011 മുതല്‍ സെന്‍സസ് നടക്കാത്ത പശ്ചാത്തലത്തിലാണ് സുസ്മിത ദേവിന്റെ വിമര്‍ശനം.
അതേസമയം കേന്ദ്ര ബജറ്റില്‍ ബി.ജെ.പി സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് അമിത പരിഗണന നല്‍കിക്കൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പദവി നല്‍കിയില്ലെങ്കിലും വലിയ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ബജറ്റില്‍ കാര്യമായ പരിഗണന കേന്ദ്രം നല്‍കിയിട്ടില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Content Highlight: Trinamool Congress leaders strongly criticized the Union Budget 2024