തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെയെ മൂന്നാം തവണയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ന്യൂദല്‍ഹിയില്‍ വെച്ച് സാകേത് ഗോഖലെയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സാകേത് ഗോഖലെ നടത്തിയ ചില ക്രൗണ്ട് ഫണ്ടിങ് പരിപാടികളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകളെന്ന് ടൈംസ് നൗ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തെ ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട ട്വീറ്റിനെ തുടര്‍ന്നായിരുന്നു സാകേത് ഗോഖലെയെ അറസ്റ്റ് ചെയ്തിരുന്നത്. ഡിസംബര്‍ ആറിനായിരുന്നു ഈ അറസ്റ്റ്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അഹമ്മദാബാദ് സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ അമിത് കോത്താരി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.
പാലം തകര്‍ന്ന ശേഷമുള്ള നരേന്ദ്ര മോദിയുടെ മോര്‍ബി സന്ദര്‍ശനത്തിന് 30 കോടിയോളം രൂപ ചിലവായി എന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തിരുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ട്വീറ്റിലുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡിസംബര്‍ ഒന്നിന് ട്വീറ്റ് ചെയ്തു. പിന്നാലെയാണ് ഗോഖലെക്കെതിരെ പരാതി ഉയരുന്നതും അറസ്റ്റടക്കമുള്ള നടപടികളുണ്ടാകുന്നതും.
ഡിസംബര്‍ ആറിന് ഗുജറാത്ത് സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഗോഖലെക്ക് രണ്ട് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഗോഖലെക്ക് അഹമ്മദാബാദ് മെട്രോപോളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം നേടി സ്റ്റേഷനില്‍ നിന്നുമിറങ്ങിയ അദ്ദേഹത്തെ മോര്‍ബി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോഖലയെ രണ്ടാമതും അറസ്റ്റ് ചെയ്തതായി തൃണമൂല്‍ എം.പി. ഡെറക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഡിസംബര്‍ ഒമ്പതിനായിരുന്നു രണ്ടാം അറസ്റ്റില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
അറസ്റ്റിലൂടെ തന്നെ തകര്‍ക്കാമെന്നാണ് ബി.ജെ.പി വിചാരിച്ചിരിക്കുന്നതെങ്കില്‍ അവര്‍ക്ക് വലിയ തെറ്റുപറ്റി എന്നായിരുന്നു രണ്ടാം തവണ ജാമ്യം ലഭിച്ചതിന് ശേഷം ഗോഖലെ പ്രതികരിച്ചത്.
”ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം എന്നെ അറസ്റ്റ് ചെയ്തു, ജാമ്യം കിട്ടി, വീണ്ടും അറസ്റ്റ് ചെയ്തു, വീണ്ടും ജാമ്യം നേടി. എല്ലാം നാല് ദിവസത്തിനുള്ളില്‍. എന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതിന് ബഹുമാനപ്പെട്ട ജുഡീഷ്യറിയോട് നന്ദിയുണ്ട്. ഈ അറസ്റ്റ് എന്നെ തകര്‍ക്കുമെന്ന് ബി.ജെ.പി കരുതിയെങ്കില്‍ അവര്‍ വലിയ രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇനിമുതല്‍ ഞാനവരെ കൂടുതല്‍ കഠിനമായായിരിക്കും സമീപിക്കുക,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
”മോര്‍ബി പാലം തകര്‍ച്ചയെക്കുറിച്ചുള്ള ട്വീറ്റിന് മൂന്ന് ദിവസത്തിനുള്ളില്‍ എന്നെ രണ്ടുതവണ അറസ്റ്റ് ചെയ്തു. എന്നാല്‍ ആ പാലം നിര്‍മിച്ച ഒരേവ കമ്പനിയുടെ ഉടമകളുടെ പേര് നാളിതുവരെ എഫ്.ഐ.ആറില്‍ പോലും ചേര്‍ത്തിട്ടില്ല. ഒരു ട്വീറ്റാണ് മോദിയെ വേദനിപ്പിച്ചത്. 135 നിരപരാധികളുടെ മരണമല്ല,” എന്നും ഗോഖലെയുടെ ട്വീറ്റിലുണ്ടായിരുന്നു.
ഗോഖലെയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ബി.ജെ.പി കെട്ടിച്ചമച്ചതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികാര നടപടിയായിരുന്നു ഇതെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിഷയത്തില്‍ പറഞ്ഞത്.
Content Highlight: Trinamool Congress leader Saket Gokhale arrested for the third time by Gujarat police