മമതയ്ക്ക് വീണ്ടും തിരിച്ചടി; എം.എല്‍.എയും 12 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു
bjp
മമതയ്ക്ക് വീണ്ടും തിരിച്ചടി; എം.എല്‍.എയും 12 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2019, 5:01 pm

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയും 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു. നൗപാര എം.എല്‍.എ സുനില്‍ സിംഗാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എയും കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

ബി.ജെ.പിയുടെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തെ ബംഗാളിലെ ജനത വിശ്വസിക്കുന്നു. ഡല്‍ഹിയിലെ മോദി സര്‍ക്കാരിനെ പോലെ പശ്ചിമ ബംഗാളിനെ വികസിപ്പിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സുനില്‍ സിംഗ് പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ നൗപാര എം.എല്‍.എയായ സുനില്‍ സിംഗ് ബി.ജെ.പി എംപി അര്‍ജുന്‍ സിംഗ് അടുത്ത ബന്ധുവാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഗുരുലിയ മുനിസിപ്പാലിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് സുനില്‍ സിംഗ്.

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് ശേഷം മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു എം.എല്‍.എ കൂടി ബി.ജെ.പിയില്‍ പോകുന്നത്.