കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെതിരെ പോര് മുറുക്കി മമതാ സര്‍ക്കാര്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും.
ഗവര്‍ണറുമായി അത്ര നല്ല ബന്ധമല്ല സംസ്ഥാന സര്‍ക്കാരിനുള്ളത്. നേരത്തെ തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ബംഗാളില്‍ നടന്ന അക്രമത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചിരുന്നു.
എന്നാല്‍ ഇരുവരും തന്നെ കാണാന്‍ വരുമ്പോള്‍ ഒരു പേപ്പറോ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് വന്നതെന്ന് ഗവര്‍ണര്‍ പരാതിപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ രീതി മടുപ്പിക്കുന്നതാണെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പും സംസ്ഥാന സര്‍ക്കാരുമായി ദങ്കര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഒരുവേള സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുകയും ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ദങ്കര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Trinamool Congress is planning to pass a resolution against governor Jagdeep Dhankhar in the West Bengal Assembly