കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ദിവസം സി.ബി.ഐ സന്ദേശ്ഖാലിയില്‍ നടത്തിയ റെയ്ഡില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ ആരോപിച്ചു.
കേന്ദ്ര ഏജന്‍സികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിന് മുമ്പും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച സി.ബി.ഐ സന്ദേശ്ഖലിയില്‍ റെയ്ഡ് നടത്തിയത്. കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും പരാതിയില്‍ പറഞ്ഞു.
റെയ്ഡിന് പിന്നാലെ സന്ദേശ്ഖാലിയില്‍ നിന്ന് വിദേശ നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയെന്ന് സി.ബി.ഐ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു.
തൃണമൂലിന്റെ അറിവോടെയാണ് ആയുധങ്ങള്‍ അവിടെ എത്തിയതെന്നാണ് ബി.ജെ.പി ഉന്നയിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഭീകര സംഘടനയാണെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും ആരോപിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അറസ്റ്റ് ചെയ്യണമെന്നും തൃണമൂൽ കോൺഗ്രസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്ദേശ്ഖാലി അക്രമക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടുവളപ്പില്‍ നിന്നാണ് വിദേശ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്.
മൂന്ന് വിദേശ നിര്‍മ്മിത റിവോള്‍വറുകള്‍, ഒരു വിദേശ നിര്‍മ്മിത പിസ്റ്റള്‍, ഒരു ഇന്ത്യന്‍ റിവോള്‍വര്‍ 45 കാലിബറിന്റെ 50 വെടിയുണ്ടകള്‍ എന്നിവയാണ് സന്ദേശ്ഖാലിയില്‍ നിന്ന് സി.ബി.ഐ പിടിച്ചെടുത്തത്. ടി.എം.സിക്കെതിരെ ബി.ജെ.പി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
Content Highlight: Trinamool Congress filed complaint in Election Commission on the CBI raid in Sandeshkhali