ന്യൂദല്‍ഹി: വരാന്‍ പോകുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് ഡെറെക് ഒബ്രിയാന്‍ അടക്കമുള്ള ആറ് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡോള സെന്‍, സുഖെന്ദു ശേഖര്‍ റായ്, സമീറുല്‍ ഇസ്‌ലാം, പ്രകാശ് ചിക് ബറൈക്, സാകേത് ഗോഖലേ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
പശ്ചിമ ബംഗാള്‍, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം 24ാം തിയ്യതിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേ ദിവസം തന്നെ വോട്ടെണ്ണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
‘ഡെറെക് ഒബ്രിയാന്‍, ഡോള സെന്‍, സുഖേന്ദു ശേഖര്‍, സമീറുല്‍ ഇസ്‌ലാം, പ്രകാശ് ചിക് ബറൈക്, സാകേത് ഗോഖലേ എന്നിവരെ വരാന്‍ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായി അതിയായ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു.
ജനങ്ങളുടെ സേവിക്കാനുള്ള അവരുടെ സമര്‍പ്പണത്തില്‍ അവര്‍ക്ക് ഉറച്ച് നില്‍ക്കാനും തൃണമൂലിന്റെ അജയ്യമായ ചൈതന്യത്തെ ഉയര്‍ത്താനും ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും സാധിക്കട്ടെ,’ തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുന്നു.
തിങ്കളാഴ്ച രാവിലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക പേജിലൂടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ഒബ്രിയാന്‍, സെന്‍, റായ് എന്നിവര്‍ നേരത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരാണ്. എന്നാല്‍ ഗോഖലേയും ബംഗളാ സംസ്‌കൃതി മഞ്ച പ്രസിഡന്റ് സമീറുല്‍ ഇസ്‌ലാം, ടി.എം.സി അലൈപുര്‍ദ്വാര്‍ ജില്ലാ പ്രസിഡന്റ് ബറൈക് എന്നിവര്‍ ആദ്യമായാണ് മത്സരിക്കുന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ടി.എം.സി ദേശീയ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിക്കും നന്ദി പറഞ്ഞ് ഗോഖലേ രംഗത്തെത്തി.
‘രാഷ്ട്രീയപരമായ പശ്ചാത്തലമില്ലാത്ത, ഒരു മിഡില്‍ ക്ലാസ് യുവാവായ എന്നോട് തൃണമൂല്‍ കോണ്‍ഗ്രസിനുള്ള വിശ്വാസത്തില്‍ ഞാന്‍ സന്തോഷവാനാണ്. എന്റെ ശക്തിയും പൊതുസേവനത്തിനുള്ള പ്രചോദനവും പ്രയാസപ്പെട്ട സമയത്ത് എന്നെയും കുടുംബത്തെയും ചേര്‍ത്ത് നിര്‍ത്തിയതും അവരാണ്.
ഒബ്രിയാനാണ് എന്റെ ഉപദേശകന്‍. രാഷ്ട്രീയത്തെക്കുറിച്ച് പഠിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പം പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നത് എനിക്ക് ലഭിക്കുന്ന നേട്ടമായി കണക്കാക്കും,’ ഗോഖലേ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനും അദ്ദേഹം നന്ദി പറഞ്ഞു.
ഒബ്രിയാന്‍, റായ്, സെന്‍, കോണ്‍ഗ്രസ് എം.പി പ്രദീപ് ഭട്ടാചാര്യ, ടി.എം.സി അസം നേതാവ് സുശ്മിത ദേവ്, ശാന്ത ഛേദ്രി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
മുന്‍ ഗോവ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ എം.പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ബംഗാളില്‍ ഏഴാമത് ഒരു രാജ്യസഭാ സീറ്റ് കൂടി ഒഴിവുണ്ട്. ഇതിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ജൂലൈ 24ന് തന്നെ നടക്കും.
CONTENT HIGHLIGHTS: Trinamool Congress announced 6 candidates including O’Brien for Rajya Sabha elections