കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ജനുവരി മുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് ബി.ജെ.പിയുടെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. പൗരത്വ ഭേദഗതി എന്നതുകൊണ്ട് ബി.ജെ.പി എന്താണ് ഉദ്ദേശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ബാദ് ഹക്കീംചോദിച്ചു.
കുടിയേറി പാര്‍ത്തവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെങ്കില്‍ നിയമ സഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അവരെങ്ങനെയാണ് വര്‍ഷങ്ങളായി വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
പശ്ചിമബംമഗാളിലെ ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബി.ജെ.പി അവസാനിപ്പിക്കണമെന്നും ഹക്കീം പറഞ്ഞു.
ജനുവരിയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന ‘നല്ല’ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം സി.എ.എ പാസാക്കിയതെന്നുമാണ് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ അവകാശപ്പെട്ടത്.
” സി.എ.എയ്ക്ക് കീഴിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഇനിയും അനിതീ നടക്കാന്‍ അനുവദിക്കില്ല” വര്‍ഗിയ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മമത സര്‍ക്കാരിനെതിരെയും വിജയ വര്‍ഗിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ മമത സര്‍ക്കാരിന് യാതൊരു സഹതാപവുമില്ലെന്നാണ് വര്‍ഗിയയുടെ ആരോപണം.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക