| Friday, 3rd June 2022, 10:47 am

ജയിച്ചാല്‍ ക്രഡിറ്റ് മുഖ്യമന്ത്രിയ്ക്കും തോറ്റാല്‍ ഉത്തരവാദിത്തം ഡി.സിയും ഏറ്റെടുക്കുകയാണോ;മറുപടിയുമായി സി.പി.ഐ.എം എറണാകുളം ജില്ല സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എം. മോഹനന്‍. ജനവിധിയെന്ന കാര്യം ജനങ്ങളുടെ അഭിപ്രായ പ്രകടനമാണെന്നും ആ ജനവിധിയുടെ സ്പിരിറ്റ് അംഗീകരിക്കുന്നെന്നും സി.എം മോഹനന്‍ പറഞ്ഞു. അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ തോമസ് മുന്നേറുന്ന സാഹചര്യത്തിലായിരുന്നു സി.എം. മോഹനന്റെ പ്രതികരണം.

‘കഴിഞ്ഞ ഒരുമാസം നടത്തിയ പ്രവര്‍ത്തന രീതി വെച്ച് നോക്കിയാല്‍ ഒരു കാരണവശാലും ഇങ്ങനെ ഒരു റിസള്‍ട്ട് വരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്. കാരണം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരിനെ സംബന്ധിച്ചും ദേശീയ രാഷ്ട്രീയം സംബന്ധിച്ചും തൃക്കാക്കരയിലെ സവിശേഷ പ്രശ്‌നങ്ങളെ സംബന്ധിച്ചുമെല്ലാം വിശദമായി ജനങ്ങളുമായി സംവദിച്ചതാണ്. പക്ഷേ ഈ ഫലമാണ് വന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കേണ്ടി വരും. എങ്കിലും ഈ പരാജയം നമ്മള്‍ സമ്മതിക്കുകയാണ്. ഇത്രയും വോട്ടിന്റെ പരാജയം അവിശ്വസിനീയമാണ്. അതൊരു വസ്തുതയാണ്. അപ്രതീക്ഷിതമാണ്,’ സി.എം. മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് നയിച്ച തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് നയിച്ചത് തങ്ങള്‍ തന്നെയാണെന്നുമായിരുന്നു മോഹനന്റെ മറുപടി.

ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പരിപാടി വെച്ചത്. അല്ലാതെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നയിക്കാന്‍ വേണ്ടി പോയിട്ടില്ല, അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിന്റെ പരിശോധനയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതെന്നും നമ്മുടെ സംസ്ഥാനത്തെ സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ച് പരിശോധിക്കാന്‍ ഇത് സംസ്ഥാന ഇലക്ഷന്‍ അല്ലല്ലോ ഇതെന്നും മോഹനന്‍ ചോദിച്ചു.

ഇതൊരു ഉപതെരഞ്ഞെടുപ്പാണ്. ഒരു എം.എല്‍.എ മരണപ്പെട്ട ശേഷം വരുന്ന തെരഞ്ഞെടുപ്പാണ്. ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയോ സെക്രട്ടറിയോ അല്ല ഞങ്ങളാണ് അവരെ ക്യാമ്പയിനായി വിളിച്ചത്. ഭരണത്തിന്റെ വിലയിരുത്തലാണെന്ന് കോടിയേരി പറഞ്ഞിട്ടില്ല. ഭരണവും ചര്‍ച്ചയാകുമെന്ന് പറഞ്ഞു. 99 സീറ്റ് നൂറാക്കാന്‍ ശ്രമിച്ചു. പക്ഷേ ജനഹിതം എതിരായെന്നത് യാഥാര്‍ത്ഥ്യമാണ്. അത് പരിശോധിക്കും.

ജയിച്ചാല്‍ ക്രഡിറ്റ് മുഖ്യമന്ത്രിക്കും തോറ്റാല്‍ ഉത്തരവാദിത്തം ഡി.സിയും ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏതെങ്കിലും ഒരു ഘടകം ഏറ്റെടുത്തിട്ടില്ലല്ലോ എന്നായിരുന്നു മോഹനന്റെ മറുപടി.

ഉത്തരവാദിത്തം ഏതെങ്കിലും ഒരു ഘടകം ഏറ്റെടുത്തിട്ടില്ല. തൃക്കാക്കര അസംബ്ലി മണ്ഡലം എറണാകുളം ജില്ലയ്ക്ക് അകത്തുള്ള, എറണാകുളത്തെ ആയാലും തൃക്കാക്കരയിലെ ആയാലും മണ്ഡലങ്ങള്‍ എല്ലാം നമ്മുടെ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായ മണ്ഡലവും സാമ്പത്തിക ഉള്ളടക്കവും ഉള്ളതാണ്. അത് നമ്മള്‍ മനസിലാക്കണം. ഏതെങ്കിലും ഒരു മലമ്പ്രദേശത്തുള്ള സാമ്പത്തിക ഉള്ളടക്കമല്ല ഇവിടെയുള്ളത്. ലോകത്തിന്റെ വിവിധ ഭാഗത്ത് താമസിക്കുന്ന ബിസിനസ് ചെയ്യുന്നവര്‍ ആളുകള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ഉള്ള മണ്ഡലമാണ് ആ മണ്ഡലത്തിന്റെ ജനഹിതം നിശ്ചയിക്കുന്നതില്‍ ഞാന്‍ ഈ പറഞ്ഞ ഘടകങ്ങള്‍ എല്ലാം വര്‍ക്ക് ചെയ്യുന്നുണ്ട്.

എറണാകുളം ജില്ലാ കമ്മിറ്റി ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എറണാകുളം ജില്ലാ കമ്മിറ്റി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പ്രശ്‌നമുദിക്കുന്നില്ല. കാരണം ഈ മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മൊത്തത്തില്‍ ലീഡര്‍ഷിപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ട്. ഒരു ഘടകത്തിന്റെ ഉത്തരവാദിത്തത്തിന്റെ പ്രശ്‌നമില്ല.

സ്ഥാനാര്‍ത്ഥി നാടകീയമായി മാറിയിട്ടില്ല. ഒരു സ്ഥാനാര്‍ത്ഥിയേ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളൂ. അഞ്ചാം തിയതി ഞങ്ങള്‍ പ്രഖ്യാപിച്ചു. ഒറ്റ സ്ഥാനാര്‍ത്ഥിയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്രയും വോട്ടിന് പരാജയപ്പെടുമെന്ന് ഊഹിച്ചിരുന്നില്ല. അത് വസ്തുതയാണ്. ഓരോ പ്രദേശത്തെ വോട്ടില്‍ വന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ എല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Trikkakkara Election loss CPIM Ernakulam district secretery comment

We use cookies to give you the best possible experience. Learn more