'നട തുറന്നപ്പോള്‍ മുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുന്നു'; 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു
Sabarimala women entry
'നട തുറന്നപ്പോള്‍ മുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുന്നു'; 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2018, 8:46 pm

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രികള്‍ക്ക് പ്രവേശം അനുവദിച്ചുള്ള കോടതി വിധിയെ മുന്‍ നിര്‍ത്തി സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ സന്നിധാനത്ത് സ്ത്രീകള്‍ എത്തിയതായുള്ള മാതൃഭൂമി റിപ്പോര്‍ട്ട് പുറത്ത്. സ്ത്രീകള്‍ സന്നിധാനത്തിലേക്ക് എത്തുന്നതിന്റെ ചിത്രത്തോടെ “5000 അയ്യപ്പസേവാസംഘം വളണ്ടിയര്‍മാര്‍ സേവനരംഗത്ത്” എന്ന തലക്കെട്ടില്‍ 1981 നവംബര്‍ 19ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

“ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം നട തുറന്നപ്പോള്‍ മുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുന്നു” എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. വാര്‍ത്തയ്ക്കിടയില്‍ സ്ത്രീകളുടെ പ്രവാഹം എന്ന സബ് ഹെഡിലാണ് പതിവു തെറ്റിച്ച് സ്ത്രീകള്‍ പ്രവേശിക്കുന്നതായി പറഞ്ഞിരിക്കുന്നത്.

“ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ ദര്‍ശനത്തിനെത്തരുതെന്നാണ് നിയമം. എന്നാല്‍ ഈ വര്‍ഷം നട തുറന്നപ്പോള്‍ മുതല്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം സ്ത്രീകള്‍-പ്രത്യേകിച്ച് യുവതികള്‍ എത്തുന്നുണ്ട്. ശങ്കരാചാര്യ സ്വാമികള്‍ അയ്യപ്പജ്യോതി തെളിച്ചു കഴിഞ്ഞപ്പോള്‍ അന്‍പതോളം സ്ത്രീകള്‍ ഒന്നിച്ച് ശ്രീകോവിലിന് മുന്‍പില്‍ എത്തിയത് ഭക്തജനങ്ങളില്‍ പ്രതിഷേധം ഉണ്ടാക്കി. ഒരുവിഭാഗം ഭക്തന്മാര്‍ ഇതിനെതിരെ ശബ്ദിക്കുകയും സ്ത്രീകളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു”. വാര്‍ത്തയില്‍ പറയുന്നു.


Read Also : ശബരിമല: ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു: 24 മണിക്കൂറിലേറെ തങ്ങാനാകില്ല


 

നിയമപരമായി പ്രായം കഴിയാത്ത സ്ത്രീകള്‍ സന്നിധാനത്തിലെത്തുന്നതിനെ ചെറുക്കുമെന്ന് അയ്യപ്പ സേവാസംഘം പ്രസിഡന്റ് എന്‍ മോഹന്‍കുമാര്‍ പമ്പയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. സന്നിധാനത്തിന്റെ പരിപാവനത്വം കാത്തുസൂക്ഷിക്കുവാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ലെങ്കില്‍ ഭക്തസംഘടനകളുടെ സഹകരണത്തോടെ അയ്യപ്പ സേവാസംഘം അത് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.” സ്ത്രീകളുടെ പ്രവാഹം എന്ന സബ് ഹെഡിലുള്ള ഭാഗത്ത് വിശദീകരിക്കുന്നു.

മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്തേക്ക് നടത്തിയിരിക്കുന്ന തയ്യാറെടുപ്പുകള്‍ വിശദീകരിക്കുന്ന വാര്‍ത്തയില്‍ അയ്യപ്പ ഭക്തര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നതിനായി 5000 അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാരെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അന്നത്തെ അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് വേണുഗോപാല മേനോന്‍, സെക്രട്ടറി കെപിഎസ് നായര്‍ എന്നിവര്‍ വ്യക്തമാക്കുന്നുണ്ട്. വൃശ്ചികമാസം നട തുറന്ന് ഏതാനും ദിവസങ്ങള്‍ക്കകം സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞത്. അതോടൊപ്പമാണ് സ്ത്രീകളെത്തുന്ന കാര്യം വിശദീകരിക്കുന്നത്.

നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ ചിത്രം സഹിതം ആറുവര്‍ഷം മുന്‍പ് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു. അന്ന് ശബരിമലയിലെ കരാറുകാരനായിരുന്ന സുനില്‍ സ്വാമി എന്ന വ്യവസായിയുടെ സ്വാധീനത്തില്‍ 20നും 45നുമിടക്ക് പ്രായമുള്ള മൂന്ന് യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതായാണ് 2012 ഏപ്രില്‍ ആറിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്.. യുവതികള്‍ ക്ഷേത്രത്തിന് സമീപം നില്‍ക്കുന്ന ചിത്രവും അന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു.

ദേശാഭിമാനി പത്തനംതിട്ട ലേഖകനായ എബ്രഹാം തടിയൂരാണ് അന്ന് താന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുംബൈ സ്വദേശികളെന്ന് കരുതുന്ന യുവതികള്‍ പൊലീസ് സംരക്ഷണത്തിലാണ് ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയത്. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ ഇന്ന് കോലാഹലം സൃഷ്ടിക്കുന്ന രാഹുല്‍ ഈശ്വറിന്റെ അന്നത്തെ പ്രതികരണവും എബ്രഹാം തടിയൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുനില്‍ സ്വാമി വേണ്ടപ്പെട്ട ആളാണെന്നും കേസിന് പോകരുതെന്ന് അമ്മ പറഞ്ഞിനാല്‍ താന്‍ ആ വിഷയം വിട്ടെന്നും അന്ന് രാഹുല്‍ ഈശ്വര്‍ എബ്രഹാം തടിയൂരിനോട് പറഞ്ഞിരുന്നു.