ആലപ്പുഴ: പട്ടാപ്പകല്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ശ്രീകുമാര്‍ ആണ് കണിച്ചുകുളങ്ങരയില്‍ അറസ്റ്റിലായത്.
നാട്ടുകാരെ എ.ടി.എം മെക്കാനിക്ക് ആണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ മോഷണശ്രമം നടത്തിയത്.
രാവിലെ കണിച്ചുകുളങ്ങര ടൗണില്‍ കട തുറക്കാനെത്തിയ വ്യാപാരികള്‍ ശബ്ദം കേട്ട് എ.ടി.എം കൗണ്ടറിനു സമീപത്തു ചെന്നപ്പോള്‍ ശ്രീകുമാര്‍ ഉളിയും ചുറ്റികയും ഉപയോഗിച്ച് എ.ടി.എം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ എ.ടി.എം മെക്കാനിക് ആണെന്നായിരുന്നു മറുപടി. സംശയം തോന്നിയ വ്യാപാരികള്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
പൊലീസെത്തി ശ്രീകുമാറിനെ പിടികൂടി ചോദ്യംചെയ്തപ്പോള്‍, തനിക്കൊപ്പം മറ്റു ചിലര്‍ കൂടിയുണ്ടെന്നും കേടായ എ.ടി.എം ശരിയാക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തിയതാണെന്നുമായിരുന്നു മറുപടി. പിന്നീട് പലവട്ടം മൊഴിമാറ്റി. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നു പൊലീസിനു സംശയം തോന്നി.
എന്നാല്‍ എ.ടി.എം മോഷ്ടാക്കള്‍ ചെയ്യുന്ന രീതിയില്‍ സി.സി.ടി.വി ക്യാമറ പേപ്പറുപയോഗിച്ച് ഇയാള്‍ മറച്ചിരുന്നു. മെഷീനിലെ പണം സൂക്ഷിച്ചിരിക്കുന്ന ഭാഗം ഇളക്കിമാറ്റുന്ന രീതിയും നന്നായി അറിയാമെന്നു ചോദ്യംചെയ്യലില്‍ നിന്നു വ്യക്തമായി.
മോഷണക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.