കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിന് എതിരെയാണ് കേസെടുത്തത്.
വസ്ത്രങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് എഫ്.ഐ.ആര്‍. തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇയാളുടെ വീട്ടില്‍ നിന്ന് വലിയ തോതില്‍ വസ്ത്രക്കിറ്റുകള്‍ പിടികൂടിയത്.
വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പൊന്നാങ്കയം. പൊലീസും തെരഞ്ഞെടുപ്പിന്റെ ഫ്‌ളൈയിങ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് വസ്ത്രക്കിറ്റുകള്‍ പിടിച്ചെടുത്തത്. തിരുവമ്പാടി പൊലീസാണ് ഇതില്‍ കേസെടുത്തിരിക്കുന്നത്.
ബി.ജെ.പിയുെട പ്രാദേശിക നേതാവാണ് വസ്ത്രക്കിറ്റുകള്‍ തന്റെ വീട്ടില്‍ കൊണ്ടുവെച്ചതെന്ന് രഘുലാല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് എന്തിനാണ് കൊണ്ടുവച്ചതെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും രഘുലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ രഘുലാലിനെതിരെ മാത്രമാണ് കേസെടുത്തത്. പ്രദേശത്തെ എല്‍.ഡി.എഫ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഘുലാലിന്റെ വീട്ടില്‍ നിന്ന് വസ്ത്രക്കിറ്റ് പിടിച്ചെടുത്തത്. ഇതില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും പങ്കുണ്ടെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു.
Content Highlight: tried to influence voters; Case against BJP worker