നോയിഡ: ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ മൂത്രം കുടിപ്പിക്കാന്‍ ശ്രമം. 22 വയസ് പ്രായമുള്ള നിയമ വിദ്യാര്‍ത്ഥിക്ക് നേരെയാണ് പൊലീസിന്റെ ക്രൂര നടപടി. കഴിഞ്ഞ വര്‍ഷം പൊലീസ് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് കള്ളക്കേസില്‍പ്പെടുത്തി മര്‍ദിച്ചുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച തന്നെ പൊലീസ് മര്‍ദിക്കുന്ന വീഡിയോ വിദ്യാര്‍ത്ഥി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടക്കുന്നുവെന്ന് താന്‍ പൊലീസില്‍ വിവരം നല്‍കിയിരുന്നുവെന്നും അതിന്റെ പ്രതികാരമാണ് ഈ കേസെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
‘മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടക്കുന്നുണ്ടെന്ന് വിവരം ഞാന്‍ പൊലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് 2021 ജൂണില്‍ അതിന്റെ ഉടമയായ ഒരു സ്ത്രീയെ നോയിഡയിലെ സെക്ടര്‍ 49 പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു. ആ സ്ത്രീയും അവരുടെ ഭര്‍ത്താവും എന്റെ സുഹൃത്തുക്കളാണ്. എന്നാല്‍ അവരെന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു.
നവംബര്‍ 18ന് എന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. രക്തസ്രാവം ഉണ്ടായി. ഞാന്‍ ഫിസ്റ്റുല ഓപ്പറേഷന് വിധേയനായൊരാളാണെന്ന് അവരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഞാന്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ശുചിമുറിയില്‍ നിന്ന് ഒരു പാത്രം കൊണ്ടുവരികയും നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. ഞാന്‍ പ്രതിരോധിക്കുകയും പാത്രം തട്ടിത്തെറിപ്പിക്കുകയും ചെയ്തു. കുറച്ച് മൂത്രം എന്റെ മേല്‍ തെറിച്ചു,’ അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
തന്നെ 1.30നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ രേഖകളില്‍ അത് 5 മണി എന്നാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും എന്നാല്‍ അന്ന് മുതല്‍ തനിക്കെതിരെ തെറ്റായ എഫ്.ഐ.ആര്‍ റദ്ദാക്കാനുള്ള പോരാട്ടം തുടരുകയാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഈ കേസ് വൈകുന്നതിനെ തുടര്‍ന്ന് നിരവധി ഓഫീസര്‍മാരെ താന്‍ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പക്ഷപാതരഹിതമായി കേസ് നടക്കണം. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കേസ് എടുക്കാം. എന്റെ ഭാഗം തെളിയിക്കാനുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. എനിക്ക് നീതി വേണം,’ വിദ്യാര്‍ത്ഥി പറഞ്ഞു.
എന്നാല്‍ ഇത് ഒരു വര്‍ഷം പഴക്കമുള്ള കേസാണെന്ന് ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമ്മീഷണറേറ്റ് ട്വീറ്റ് ചെയ്തു. വീഡിയോകളുടെ ആധികാരികത ഉറപ്പ് വരുത്തുകയും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശവും അന്വേഷിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ വിഷയം കോടതിക്ക് കീഴിലുള്ള കാര്യമാണെന്നും അതുകൊണ്ട് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് അശോക് കുമാര്‍ പറഞ്ഞു.
content highlights: tried to drink urine; beaten till it bled; Dalit student against UP police