കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്. മാധ്യമപ്രവര്‍ത്തകനെ തന്റെ ഊന്നുവടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ് കമല്‍ഹാസനെതിരായ ആരോപണം.
വോട്ടെടുപ്പ് ദിനത്തിലായിരുന്നു സംഭവം. കാലിന് അടിയന്തര ശസ്ത്രക്രിയ നടന്നതിനാല്‍ ഊന്നുവടി ഉപയോഗിച്ചായിരുന്നു കമല്‍ഹാസന്‍ നടന്നിരുന്നത്. വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില്‍ എത്തിയ കമലിന്റെ വിഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
കമല്‍ വടി ഉയര്‍ത്തുന്നതിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനെ കാണുന്നില്ലെന്നും രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഭാഗ്യം കൊണ്ട് മാത്രമാണ് മാധ്യമപ്രവര്‍ത്തകന് അടികൊള്ളാതിരുന്നതെന്നും കമല്‍ഹാസനെതിരെ നടപടി എടുക്കണമെന്നും താരം മാപ്പ് പറയണമെന്നും കോയമ്പത്തൂര്‍ പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ വഴി തടഞ്ഞപ്പോള്‍ നടന്നുപോകാനുള്ള വഴിയൊരുക്കുക മാത്രമാണ് കമല്‍ ചെയ്തതെന്നുമാണ് കമലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
‘കമല്‍ അടുത്തിടെ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, ഒരു വടിയുടെ സഹായത്തോടെ നടക്കുകയായിരുന്നു. നടക്കാന്‍ പാടുപെടുന്നതിനിടയില്‍, ഞങ്ങളിലൊരാള്‍ അദ്ദേഹത്തെ ഇരുചക്രവാഹനത്തില്‍ കാറിനു സമീപം ഇറക്കി. കാറിനടുത്തേക്ക് നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ വീഡിയോ എടുക്കാന്‍ വളരെ അടുത്ത് വന്ന് അദ്ദേഹത്തിന്റെ വഴി തടസ്സപ്പെടുത്തി. തന്റെ വഴി തടയരുതെന്ന് കമല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പത്രപ്രവര്‍ത്തകന്‍ കേള്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍, തന്റെ കാല്‍ വയ്ക്കാന്‍ മതിയായ ഇടം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ കമല്‍ വടി ഉയര്‍ത്തി. അദ്ദേഹം പത്രപ്രവര്‍ത്തകനെ ആക്രമിക്കുകയോ അടിക്കുകയോ ചെയ്തില്ല. ‘ എന്നാണ് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
സംഭവത്തെ കോയമ്പത്തൂര്‍ സൗത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മയൂര ജയകുമാര്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസന്‍, ഡി.എം.കെ എം.എല്‍.എ എന്‍ കാര്‍ത്തിക് എന്നിവര്‍ അപലപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക