തൃശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ് വാസനെ സ്ഥലം മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.
മന്ത്രിമാര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് കൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ അന്വേഷണത്തിന് വാസന്‍ ഉത്തരവിട്ടിരുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. സാധാരണ പൗരനും വില്ലേജ് ഓഫിസര്‍ക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരേ നീതിയാണ് വേണ്ടതെന്നും ജസ്റ്റിസ് എസ്.എസ് വാസന്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദു ചെയ്തിരുന്ന ഹൈക്കോടതി എസ്.എസ് വാസനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും ഈ രീതിയിലാണ് നിയമം മനസിലാക്കുന്നതെങ്കില്‍ വിജിലന്‍സ് കോടതിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞിരുന്നു.
വിമര്‍ശനത്തിന് പിന്നാലെ ജസ്റ്റിസ് വാസന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ ഇടപെടലിനെ തുടര്‍ന്ന് രാജി തീരുമാനം പിന്‍വലിക്കുകയായിരുന്നു.
കോഴ വാങ്ങിയെന്ന കേസില്‍ സഹകരണവകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ കഴിഞ്ഞയാഴ്ച എസ്.എസ് വാസന്‍ ഉത്തരവിട്ടിരുന്നു.