| Friday, 29th January 2016, 3:35 pm

തൃശൂര്‍ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന്‍ സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കി. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റതിന്റെ പിന്നാലെയാണ് ജഡ്ജി വാസന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.

കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും തന്റെ പദവി തപാലാപ്പീസിന് സമമാണെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പോസ്റ്റുമാന്റെ ജോലിയാണു താന്‍ ചെയ്തതെന്നു വിധിയില്‍ പറഞ്ഞ വിജിലന്‍സ് ജഡ്ജിക്കു തന്റെ ഉത്തരവാദിത്തം എന്തെന്ന് ശരിക്കും അറിയില്ല, ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഇക്കാര്യം പരിശോധിക്കണമെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞിരുന്നു. ഈ രീതിയിലാണ് നിയമം മനസിലാക്കുന്നതെങ്കില്‍ വിജിലന്‍സ് കോടതിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തകനായി ടി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ആര്യാടനും മുഖ്യമന്ത്രിക്കുമെതിരെ എസ്.എസ് വാസന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഉമ്മന്‍ചാണ്ടിയും ആര്യാടനും ഹൈക്കോടതിയില്‍ ഹരജി നല്‍കിയപ്പോഴാണ് വിജിലന്‍സ് ജഡ്ജിയെ കോടതി വിമര്‍ശിച്ചത്.

തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് തന്നെ സമാന നടപടി നേരിട്ട കെ.ബാബുവിന്റെ അപ്പീലും ഹൈക്കോടതി അംഗീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more