പൊതുജനങ്ങളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന; ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച തുടരുന്നു
Kerala
പൊതുജനങ്ങളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന; ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 11:35 am

തൃശൂര്‍: പൊതുജനങ്ങളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. ചുരുക്കം സംഘാടകരും മേളക്കാരും ആനക്കാരും മാത്രം പങ്കെടുത്ത് പൂരം നടത്താനുള്ള ആലോചനയാണ് നടക്കുന്നത്. ദൃശ്യ നവമാധ്യമങ്ങളിലൂടെ പൂരം തത്സമയം കാണാന്‍ അവസരം ഒരുക്കിയേക്കും.

ദേവസ്വങ്ങളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച തുടരുകയാണ്. അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി ദേവസ്വം രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനമില്ലാതെ എങ്ങനെ പൂരം നടത്താമെന്ന് ആലോചിക്കാനാണ് യോഗം ചേരുന്നത്.

പൂരം നടത്തിപ്പിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ആവശ്യപ്പെടും. ഈ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് പൂരം നടത്താന്‍ തയ്യാറെന്ന് യോഗത്തെ അറിയിച്ചേക്കും.

വൈകീട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗം. ഓണ്‍ലൈനിലൂടെ തൃശൂര്‍ ജില്ലാ കലക്ടറും കമ്മിഷണറും ഡി.എം.ഒയും യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനാണ് ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trichur Pooram Meeting